ചിങ്ങവനം: കോവിഡിൽ നട്ടം തിരിഞ്ഞ് കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകൾ. ദിവസേന പോസിറ്റീവാകുന്ന രോഗികൾ കൂടിയതോടെ ജില്ലയിലെ കണക്കനുസരിച്ച് ഇപ്പോൾ രോഗികളുടെ എണ്ണത്തിലുള്ള വർധനവിൽ ഈ പഞ്ചായത്തുകൾ ഒന്നാം സ്ഥാനത്താണ്.
കോവിഡിന്റെ ആദ്യ ഘട്ടത്തിൽ രോഗികളുടെ എണ്ണം പിടിച്ചു നിർത്തിയ പഞ്ചായത്തുകൾ രണ്ടാം ഘട്ടമെത്തിയതോടെ കൈവിട്ട നിലയിലായി. കഴിഞ്ഞ ദിവസം പനച്ചിക്കാട് പോസിറ്റീവായവരുടെ എണ്ണം 80 ആണ്.
ഇന്നലെ കുറിച്ചി പഞ്ചായത്തിലെ 103 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇത് ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇരു പഞ്ചായത്തുകളിലെയും ചുരുക്കം ചില വാർഡുകൾ ഒഴിച്ചാൽ മറ്റു വാർഡുകളിലെല്ലാം രോഗികളുടെ എണ്ണം വർധിക്കുകയാണ്.
പനച്ചിക്കാട്ട് 13-ാ0 വാർഡ് പാത്താമുട്ടമാണ് പഞ്ചായത്തിലെ രോഗ വ്യാപനം ഏറ്റവും കൂടുതലുള്ള പ്രദേശം.
പനച്ചിക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലുള്ള കുറവാണ് രോഗം പടർന്നു പിടിക്കാനുള്ള പ്രധാന കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
രോഗ ലക്ഷണമുള്ളവർ ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിക്കാതെ പുറത്തിറങ്ങി നടക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
പൂർണ തോതിൽ ജനങ്ങൾ ടെസ്റ്റിനോട് സഹകരിച്ചാൽ രോഗം ബാധിച്ചവരെ കണ്ടുപിടിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കഴിയും.
ഇപ്പോഴത്തെ നിലയിൽ ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചവരേക്കാൾ ഇരട്ടിയാളുകൾ രോഗബാധിതരായി പുറത്തറിയിക്കാതെ നടക്കുന്നുണ്ടെന്നാണ് കണക്ക് കൂട്ടൽ.
പഞ്ചായത്തിൽ സിഎഫ്എൽടിസികളുടെ പ്രവർത്തനം നിലച്ചതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. അടിയന്തിരമായി പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ രോഗവ്യാപനം ഇനിയും ഉയരാനാണ് സാധ്യത.