സ്വന്തംലേഖകൻ
തൃശൂർ: മരണ നിരക്കിൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിടുന്ന കണക്കിൽ പൊരുത്തക്കേടുള്ളതായി സംശയമുയരുന്നു.
ജില്ലകൾ നൽകുന്ന കണക്ക് തലസ്ഥാനത്ത് ചെല്ലുന്പോൾ പലതും ഭസ്മമായി പോകുന്നുവെന്നതാണു യാഥാർഥ്യം. മനപ്പൂർവം മരണനിരക്കു കുറച്ചുകാണിക്കുന്നതിനുള്ള നീക്കമാണിതെന്നും പറയുന്നു.
ജില്ലാ ആരോഗ്യവകുപ്പ് കൃത്യമായി രോഗികളുടെ എണ്ണവും മരണനിരക്കും നൽകാറുണ്ട്. ദിവസവും ഉച്ചയ്ക്കാണ് കണക്ക് നൽകുന്നത്.
ഇത്തരത്തിൽ നൽകുന്ന കണക്കിൽ നിന്ന് വളരെ കുറച്ചു പേരുടെ മാത്രമേ മരണ നിരക്കിൽ സർക്കാർ കണക്കിൽ വരാറുള്ളൂ.
ഈ മാസം ആദ്യ ആഴ്ചയിലെ കണക്കെടുത്താൽ തന്നെ ഇതു വ്യക്തം. ഒന്നാം തീയതി ജില്ലയിൽ മരിച്ചവരുടെ യഥാർഥ കണക്ക് 53 ആണ്.
എന്നാൽ, സംസ്ഥാനതലത്തിൽ ജില്ലയുടെ മരണ നിരക്ക് 21 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മൂന്നിന് 38 പേർ മരിച്ചുവെന്ന കണക്കു നൽകിയെങ്കിലും ഏഴു പേർ മരിച്ചുവെന്നു മാത്രമാണ് സംസ്ഥാനത്തിന്റെ കണക്കിലുള്ളത്.
മേയ് നാലിനാകട്ടെ 41 പേർ ജില്ലയിൽ മരിച്ചപ്പോൾ സർക്കാരിന്റെ കണക്കിൽ ആരും മരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.
ഈ മാസം ആദ്യ പത്തു ദിവസത്തിൽ ജില്ലയിൽ 475 പേർ മരിച്ചപ്പോൾ സർക്കാരിന്റെ കണക്കിൽ ജില്ലയിൽ മരിച്ചത് വെറും 104 പേർ.
ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലും ഇത്തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ മരിച്ചവരുടെ കണക്കുകളും ജില്ലാ മെഡിക്കൽ ഓഫീസിന് കൈമാറാറുണ്ടെന്ന് പറയുന്നു.
ഇവിടെ നിന്ന് തലസ്ഥാനത്തേക്ക് എല്ലാ കണക്കുകളും നൽകുന്നുമുണ്ട്. എന്നാൽ, ഓരോ ദിവസവും എത്ര പേർ മരിച്ചുവെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണെന്നതാണ് വിരോധാഭാസമായിരിക്കുന്നത്.
മരണനിരക്ക് കുറച്ചു കാണിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കമുള്ളവർ പറയുന്നുണ്ടെങ്കിലും കണക്കുകൾ പരിശോധിക്കുന്പോൾ മരണ കണക്കും ‘സംസ്കരിക്കു’ന്നുണ്ടെന്നതാണ് തെളിയുന്നത്.
കൂടുതൽ ഭീതി ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ മരണ നിരക്ക് കുറച്ചു കാണിക്കുന്നതെന്നാണ് വിവിധ ഉദ്യോഗസ്ഥർ അനൗദ്യോഗികമായി സമ്മതിക്കുന്നത്.