ന്യൂഡൽഹി: കോവിഡ് വൈറസ് വായുവിലൂടെയും പകരുന്നതിനാൽ പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
വൈറസ് വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുന്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരും.
അടുത്ത് ഇടപഴകുന്നവർക്കു മാത്രമേ വൈറസ് പകരൂവെന്ന ധാരണകളെ തിരുത്തുന്നതാണ് പുതിയ റിപ്പോർട്ട്. കോവിഡ് രോഗിയിൽ നിന്നുളള ദ്രവകണങ്ങൾ പ്രതലങ്ങളിൽ പതിച്ചേക്കാം.
വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നതു പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം.
ഈ പ്രതലങ്ങളിൽ സ്പർശിച്ച കൈകൾ ഉപയോഗിച്ച് മൂക്കിലോ വായിലോ കണ്ണുകളിലോ സ്പർശിക്കുന്നതിലൂടെ വൈറസ് പകരുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോകോളിൽ പറഞ്ഞിരുന്നത്.
എയ്റോസോളുകൾക്ക് വായുവിലൂടെ പത്തു മീറ്റർ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഡ്രോപ്ലെറ്റുകളുടെയോ എയ്റോസോളുകളുടെയോ രൂപത്തിലുളള ഉമിനീർ, മൂക്കിൽനിന്ന് പുറത്തുവരുന്ന ദ്രവം എന്നിവ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വൈറസ് എത്തിക്കുന്നു.
അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ ആളുകൾ രോഗബാധിതരാകാനുളള സാധ്യത ഉയർന്നതാണെന്നാണ് പുതിയ റിപ്പോർട്ട്. രോഗിയിൽനിന്ന് രണ്ടുമീറ്റർ അകലത്തിൽ വരെ ഡ്രോപ്ലെറ്റുകൾ പതിച്ചേക്കാം.