അഹമ്മദാബാദ്: ഗുജറാത്തിലെ കോവിഡ് മരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുമായി ദിനപത്രങ്ങളിലെ ചരമപേജുകൾ.
ഓരോ ദിവസം പിന്നിടുന്പോളും പത്രങ്ങളിലെ ചരമ പേജുകളുടെ എണ്ണം വർധിക്കുകയാണ്.
ഗുജറാത്ത് സർക്കാർ കോവിഡ് മരണം വൻതോതിൽ കുറച്ചുകാണിക്കുകയാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണിത്.
വ്യാഴാഴ്ച പുറത്തിറങ്ങിയ സൗരാഷ്ട്ര ഭാസ്കർ ദിനപത്രത്തിന്റെ ഭാവ്നഗർ എഡിഷനിലെ ആകെയുള്ള 16 പേജുകളിൽ എട്ടെണ്ണം ചരമപേജാണ്.
ഗുജറാത്തിൽ പ്രചാരമേറെയുള്ള സൗരാഷ്ട്ര ഭാസ്കറിൽ വ്യാഴാഴ്ച 238 ചരമവാർത്തകളാണു കൊടുത്തിരിക്കുന്നത്.
മാർച്ച് ആറിന് 28 ചരമവാർത്തകളാണുണ്ടായിരുന്നത്. ഗുജറാത്തിലെ ഖേഡ ജില്ലയിൽ ബുധനാഴ്ച 12 കോവിഡ് രോഗികൾ മരിച്ചുവെന്നു പ്രമുഖ പത്രമായ സന്ദേശ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ഔദ്യോഗികകണക്കിൽ മരണം രണ്ടു മാത്രമാണ്. ഗാന്ധിനഗറിൽ ബുധനാഴ്ച 25 കോവിഡ് രോഗികൾ മരിച്ചുവെന്ന് ഗുജറാത്ത് സമാചാർ പറയുന്നു. എന്നാൽ, ആരും മരിച്ചിട്ടില്ലെന്നാണ് സർക്കാർ ഭാഷ്യം.
ഗുജറാത്തിലെ യഥാർഥ കോവിഡ് മരണസംഖ്യ വിജയ് രൂപാണി സർക്കാർ മറച്ചുവയ്ക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് മനീഷ് ദോഷി ആരോപിച്ചു.
കോവിഡ് മൂലം ഗുജറാത്തിൽ ബുധനാഴ്ച 133 പേർ മരിച്ചുവെന്നാണു സർക്കാരിന്റെ കണക്ക്.
എന്നാൽ, ഗുജറാത്തിലെ രണ്ടു പ്രമുഖ ദിനപത്രങ്ങളായ ഗുജറാത്ത് സമാചാറിൽ 85ഉം സന്ദേശിൽ 56ഉം ചമരവാർത്തകൾ ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നുവെന്നും ദോഷി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്(ഐസിഎംആർ) മാർഗനിർദേശമനുസരിച്ചാണു കോവിഡ് മരണം കണക്കാക്കുന്നതെന്നാണു സർക്കാർ പറയുന്നത്.
പലവിധ രോഗങ്ങളുള്ള കോവിഡ് രോഗി മരിക്കുന്പോൾ വിദഗ്ധ സമിതിയാണു മരണത്തിന്റെ പ്രധാന കാരണം കണ്ടെത്തുന്നത്.
ഹൃദയാഘാതമാണു മരണകാരണമെങ്കിൽ അതു കോവിഡ് കണക്കിൽ ഉൾപ്പെടുത്തില്ല.