കൊച്ചി: സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലയില്‍നിന്നുള്ള ഒരാള്‍ ചികിത്സയിലുള്ളത് കൊച്ചിയില്‍. കഴിഞ്ഞ 12ന് കൊച്ചി വിമാനത്താവളത്തില്‍ ദമാമില്‍നിന്നും എത്തിയ യാത്രക്കാരനാണു രോഗം സ്ഥിരീകരിച്ചത്.
35 വയസുള്ള ഇദേഹത്തെ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് അന്നുതന്നെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ട് നീങ്ങവേ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു.
ഇന്നലെമാത്രം 338 പേരെയാണു വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2,748 ആയി. ഇതില്‍ 19 പേര് ഹൈ റിസ്ക് വിഭാഗത്തിലും, 2,729 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
ഇന്നലെമാത്രം 12 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ നാലുപേരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒരാളെയും സ്വകാര്യ ആശുപത്രികളില്‍ ഏഴ് പേരെയുമാണു പ്രവേശിപ്പിച്ചത്.
വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്‍പതുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് രണ്ടുപേരെയും സ്വകാര്യ ആശുപത്രികളില്‍നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 36 ആയി.
ഇന്നലെ ജില്ലയില്‍നിന്നും 15 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുള്ളതായും ഇനി 26 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ 554 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കൂടാതെ 15 പേര് പണം നല്കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഇന്നലെ 98 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 88 ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു.
ജില്ലയില്‍ 91 കമ്മ്യൂണിറ്റി കിച്ചനുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു. ഇതില്‍ 71 എണ്ണം പഞ്ചായത്തുകളിലും 20 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങള്‍ വഴി 4,481 പേര്‍ക്ക് ഭക്ഷണം നല്കി. ഇതില്‍ 267 പേര് അതിഥിത്തൊഴിലാളികളാണെന്നും അധികൃതര്‍ വ്യക്തമാക്കി.