പാലക്കാട്: ഇന്നലെ ഒരു മലപ്പുറം സ്വദേശിയടക്കം 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി നിരോധനാജ്ഞ. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 85 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുതലുള്ള രണ്ടാമത്തെ ജില്ലയായി മാറിയിരിക്കുകയാണ് പാലക്കാട്.
സംസ്ഥാനത്തെ 68 തീവ്രബാധിത മേഖലകളിൽ 20 എണ്ണം പാലക്കാട് ജില്ലയിലാണുള്ളത് . ഇന്നലെ മണ്ണാർക്കാട് നഗരസഭയിലെ പത്താം ഡിവിഷനെയും ചെർപ്പുളശ്ശേരി നഗരസഭയിലെ ഇരുപത്തിയാറാം ഡിവിഷനെയും തീവ്രബാധിത പ്രദേശങ്ങളിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.
8,448 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,362 പേർ വീടുകളിലും 74 പേർ ജില്ലാ ആശുപത്രിയിലുമാണുള്ളത്. രണ്ടുപേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും അഞ്ചു പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
ദിവസവും വാളയാർ ചെക്ക് പോസ്റ്റ് വഴി ജില്ലയിൽ എത്തുന്നത് ആയിരത്തോളം പേരാണ്. രോഗ ലക്ഷണമുള്ളവരെ അവിടെവച്ചുതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും മറ്റുള്ളവരെ ഹോം ക്വാറന്റൈനിലേക്ക് വിടുകയുമാണ് ചെയ്യുന്നത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് സമൂഹവ്യാപന സംശയമുയർത്തുന്നുവെന്ന് വിദഗ്ധർ പറയുന്നു.