പാലക്കാട്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലെ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആദിവാസി മേഖലകളിൽ ഭക്ഷണം,നിത്യോപയോഗ സാധനങ്ങൾ എത്തുന്നതിന് പ്രശ്നം നേരിടുന്നില്ല.
ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ സാഹചര്യം മുൻകൂട്ടികണ്ട് ആദിവാസി മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുള്ളതായും ഇതിന് പുറമെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പറന്പിക്കുളം ഉൾപ്പെടെയുള്ള ട്രൈബൽ പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനുവേണ്ട പരിഹാര നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.