പറവൂർ: പറവൂരിൽ കോവിഡ് സാമൂഹ്യ വ്യാപന സാധ്യതകൾ മുന്നിൽക്കണ്ട് താലൂക്ക് ഓഫീസിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ചെയർമാൻ പ്രദീപ് തോപ്പിൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.എച്ച്. ഹരീഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം.
പറവൂരിലെ അതിതീവ്ര ജാഗ്രതയുടെ ഭാഗമായി ഇന്ന് രാവിലെ 11ന് കൗൺസിൽ ഹാളിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു. ജനങ്ങൾക്കുവേണ്ടി മുനിസിപ്പൽ ഓഫീസിൽ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്.
കോവിഡ് ബാധിതനായ വിദ്യാർഥിയായ യുവാവ് നിരവധിയിടങ്ങളിൽ സഞ്ചരിച്ചതിനാൽ റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കുന്നുണ്ട് ഇത് വളരെ സങ്കീർണമാണ്. 300ലധികം പേരുമായി ഇദ്ദേഹത്തിന് സമ്പർക്കം ഉണ്ടായതായാണ് കരുതപ്പെടുന്നത്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വരാപ്പുഴയിൽ ദന്താശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയി. ജൂൺ 26 കെഎസ്ആർടിസി ബസിൽ തൊടുപുഴയിലേക്കും തിരിച്ചും യാത്ര ചെയ്തു. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.
നഗരത്തിലെ തട്ടുകടകളും അടച്ചിടും. കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് രോഗി സന്ദർശിച്ച 14 വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടുണ്ട്. നഗരത്തിൽ ജനങ്ങൾ അനാവശ്യമായി കൂട്ടം കൂടുന്നത് ഒഴിവാക്കണം. രണ്ടാഴ്ചത്തേക്ക് യോഗങ്ങളും സമരങ്ങളും നടത്തുവാൻ പാടില്ല.
നഗരസഭ എട്ടാം വാർഡായ കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ക്ലിനിക്കുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ടുണ്ട്. നഗരസഭ, പോലീസ്, ഹെൽപ് ഫോർ ഹെൽപ്ലെസ് എന്നിവയുടെ നേതൃത്വത്തിൽ അനൗൺസ്മെന്റ് നടത്തുന്നുണ്ട്.
എട്ടാം വാർഡിലെ താമസക്കാർക്ക് ആവശ്യമായ സാധനങ്ങൾ അറിയിക്കുന്നതനുസരിച്ച് എത്തിച്ചു നൽകും. രോഗം വന്ന യുവാവിന്റെ വീടിന്റെ പരിസരം അണുവിമുക്തമാക്കും. ജനത റോഡിലൂടെ മാത്രമേ ഈ വാർഡിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മേഖലയിൽ നിരീക്ഷണവും ഏർപ്പെടുത്തും.
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പുറത്തേക്കും തിരിച്ചും പ്രവേശമുണ്ടാകു. പുറത്തുനിന്നുള്ളവർക്ക് കൃത്യമായ കാരണങ്ങൾ കാണിച്ചാലേ പ്രവേശനം അനുവദിക്കൂ.
മുൻ ചെയർമാൻമാരായ രമേശ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. നിതിൻ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. റോസമ്മ, സി.ഐ. ജോജോ വർഗീസ്, ഡോ. മനു പി. വിശ്വം, ഡോ. കാർത്തിക്, ഡോ. രചന എന്നിവർ പങ്കെടുത്തു.
കണ്ടെയ്ൻമെന്റ് സോണായി നിശ്ചയിക്കട്ടെ പ്രദേശങ്ങളിൽ റൂറൽ എസ്പി കാർത്തിക്ക് ഇന്നു രാവിലെ സന്ദർശനം നടത്തി. പോലീസും ആരോഗ്യ പ്രവർത്തകരും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും നവമാധ്യമങ്ങളിൽ ഉൾപ്പെടെ തെറ്റായി പ്രചാരണം നടത്തുന്നവർക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്നും എസ്പി മാധ്യമ പ്രവർത്തകരെ അറിയിച്ചു.