കെ. ഷിന്റുലാല്‍
കോഴിക്കോട്: കോവിഡ് ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങിയത് 1509 പേര്. ഇതില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ച 1025 പേരാണുള്ളത്.
പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്ത 484 റിമാന്‍ഡ് തടവുകാരും കോവിഡ് ഇളവുകളെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ശിക്ഷാ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത് നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ നിന്നാണ്.
273 പേര്‍ക്കാണ് ഇവിടെ നിന്ന് മാത്രം പരോള്‍ ലഭിച്ചത്. രണ്ടാമത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലാണ്. 219 പേരാണ് ഇവിടെപുറത്തിറങ്ങിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 130 പേര്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 183 പേര്‍ക്കും പരോള്‍ ലഭിച്ചു.
വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് 23 പേര്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. ചീമേനി ഓപ്പണ്‍ ജയിലില്‍ നിന്ന് 170 പേര്‍ക്കും പരോള്‍ അനുവദിച്ചു. അതേസമയം നാല് ജയിലില്‍ നിന്നായി 27 വനിതാ തടവുകാര്‍ക്കും ജയില്‍വകുപ്പ് പരോള്‍ അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം വനിതാ ഓപ്പണ്‍ ജയിലില്‍ നിന്ന് ഒന്‍പതു പേര്‍ക്കും തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് എട്ട് പേര്‍ക്കും വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് ഏഴുപേര്‍ക്കും കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് മൂന്നുപേര്‍ക്കുമാണ് പരോള്‍ ലഭിച്ചത്. റിമാന്‍ഡ് തടവുകാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരോള്‍ അനുവദിച്ചത് നെയ്യാറ്റിന്‍കര സ്പെഷല്‍ സബ്ജയിലാണ്.
50 പേരാണ് ഇവിടെ നിന്ന് പുറത്തിറങ്ങിയത്. കൊട്ടാരക്കര സബ്ജയിലില്‍ നിന്ന് 36 പേരും വിയ്യൂര്‍ ജില്ലാജയിലില്‍ നിന്ന് 32 പേരും പുറത്തിറങ്ങി.കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്ക് രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കാന്‍ ആഭ്യന്തര വകുപ്പ് ഈ മാസമാദ്യമാണ് അനുമതി നല്‍കിയത്.
ഈ വര്‍ഷം പരോളിന് അര്‍ഹതയുള്ളവര്‍ക്കും പരോളില്‍ പോകാന്‍ താല്പര്യമുള്ളവര്ക്കുമായിരുന്നു അവസരം. ജയിലില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സര്‍ക്കാര്‍ മുമ്പാകെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്തും വിചാരണ തടവുകാര്‍ക്കും ശിക്ഷാ തടവുകാര്‍ക്കും പരോള്‍ അനുവദിച്ചിരുന്നു. പരോളിനു പോകാന്‍ താല്പര്യമില്ലാത്തവര്ക്ക് ജയിലില്‍ തുടരാനും അനുവദിച്ചിട്ടുണ്ട്.
പരോളില്‍ ഇറങ്ങുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ കഴിയണമെന്നുമായിരുന്നു നിബന്ധന .