പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച രാഷ്ട്രങ്ങളിലെയും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെയും ഹോട്ട് സ്പോട്ടുകളില്‍ നിന്നു ജില്ലയില്‍ എത്തിയവരുടെ പ്രത്യേകപട്ടിക തയാറാക്കി കര്‍ശന നിരീക്ഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
കഴിഞ്ഞ ദിവസം പന്തളത്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വന്നുവെന്ന ഒറ്റക്കാരണം കൊണ്ടാണു സ്രവം പരിശോധനയ്ക്ക് അയച്ചത്. മാര്‍ച്ച് 17നാണ് എത്തിയത്.
14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണു പോസിറ്റീവായി സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നിനാണു വിദ്യാര്‍ഥിനിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഇവര്‍ക്ക് കൊറോണ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു.
സമാനമായ സാഹചര്യമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഇലന്തൂര്‍ നെല്ലിക്കാല സ്വദേശിയിലുമുണ്ടായത്. ദുബായ് ദെയ്റയില്‍ നിന്നു കഴിഞ്ഞ മാര്‍ച്ച് 19നു നാട്ടിലെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ദെയ്റയില്‍ നിന്നുവന്നയാളെന്ന നിലയിലാണ് നാലിന് സ്രവപരിശോധന നടത്തിയത്. ഇന്നലെ രോഗം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ലഭിച്ചു. രോഗലക്ഷണങ്ങള്‍ ഇയാളിലുമുണ്ടായിരുന്നില്ല. ജില്ലയില്‍ നിന്ന് ഓരോ ദിവസവും പരമാവധി സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
റാപ്പിഡ് ടെസ്റ്റിനുള്ള 3000 കിറ്റുകള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്ക് എവിടെ നിന്നാണു പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിസാമുദീനില്‍ നിന്നു വിദ്യാര്‍ഥിനി എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്പ്രസിലാണ് എത്തിയത്.
ട്രെയിനില്‍ നിസാമുദീനില്‍ നിന്നുള്ള കുറച്ചു യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നു വിദ്യാര്‍ഥിനി പറഞ്ഞിട്ടുണ്ട്. കൂടാതെ ഹരിയാനയിലെ കുറച്ച് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ ട്രെയിനിലെ അതേ കൂപ്പയില്‍ ഉണ്ടായിരുന്നു.
വിദ്യാര്ഥിനിവന്ന ട്രെയിനില്‍ കേരളത്തിലേക്കു വന്ന ഭൂരിഭാഗം യാത്രക്കാരുടെ ലിസ്റ്റും ലഭിച്ചിട്ടുണ്ട്. ഈ യാത്രക്കാര്‍ക്ക് വിവരം നല്കിവരുന്നു. ട്രെയിനില്‍ വിദ്യാര്‍ഥിനി യാത്രചെയ്ത ബോഗിയിലെയും കൂപ്പയിലെയും യാത്രക്കാരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിനി എറണാകുളത്തുനിന്നു ചെങ്ങന്നൂരിലേക്കു വന്ന ശബരി എക്സ്പ്രസ് ട്രെയിനിലേയും ചെങ്ങന്നൂരില്‍ നിന്നു പന്തളത്തേക്കു യാത്രചെയ്ത കെഎസ്ആര്‍ടിസി വേണാട് ബസിലെ യാത്രക്കാരെയും കണ്ടെത്തി വരുകയാണ്.
നെല്ലിക്കാല സ്വദേശിയുടെ റൂട്ട്മാപ്പും ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.19നു ഷാര്‍ജയില്‍ നിന്നുതിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ ഇദ്ദേഹം ചാക്കയില്‍ ഒരു ചായക്കടയില്‍ മാത്രമാണ് കയറിയത്. അതിനാല്‍ തന്നെ വിമാനത്തിലെ യാത്രക്കാരെ മാത്രം നിരീക്ഷിച്ചാല്‍ മതിയാകും.
കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ മേഖലയില്‍ നിന്നും ജില്ലയില്‍ വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.