പത്തനംതിട്ട: ജില്ലയില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ഏറ്റവുമധികം ആളുകളില്‍ രോഗം പടര്‍ന്നിരിക്കുന്നത് പത്തനംതിട്ടയിലെ കുമ്പഴ കുലശേഖരപതി കേന്ദ്രീകരിച്ച് രൂപംകൊണ്ട് ക്ലസ്റ്ററില്‍.
കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ക്ലസ്റ്ററില്‍ രോഗികളുടെ എണ്ണം 128 ആണ്്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെവരെ 206 രോഗികളാണ് സമ്പര്‍ക്കത്തിലൂടെ ഉണ്ടായിട്ടുള്ളത്. ഇതില്‍ 62 ശതമാനവും പത്തനംതിട്ട നഗരപരിധിയിലെ കുമ്പഴ, കുലശേഖരപതി ക്ലസ്റ്ററില്‍ നിന്നാണ്.
ഇന്നലെ 57 പേരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഇതില്‍ 50 പേരും കുലശേഖരപതി, കുമ്പഴ കേന്ദ്രീകരിച്ചുണ്ടായ ക്ലസറ്ററില്പെട്ടവരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 44 പേരുടെയും ഫലം ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് പോസിറ്റീവായത്. ആറുപേര്‍ക്ക് ആന്റിജെന്‍ പരിശോധനയായിരുന്നു.
കോട്ടാങ്ങല്‍ വായ്പൂരില്‍ കഴിഞ്ഞ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചയാളില്‍ രണ്ടുപേരിലേക്കും അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറില്‍ നിന്ന് ഒരാളിലേക്കും രോഗം പടര്‍ന്നിട്ടുണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ചു. തിരുവല്ലയില്‍ സമ്പര്‍ക്കവ്യാപനം ഒരു വൈദികനിലും സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനുണ്ട്. ഇതില്‍ കുന്നന്താനത്ത് ഒരു ആശാ പ്രവര്‍ത്തകയും ഒരു ഗര്‍ഭിണിയുമുണ്ട്. കൂടാതെ കൊടുമണ്ണില്‍ രോഗം സ്ഥിരീകരിച്ച ഒരു ഗര്‍ഭിണിയുടെയും ഉറവിടം വ്യക്തമല്ല. ജില്ലയില്‍ നിലവില്‍ 16 രോഗികളുടെ ഉറവിടമാണ് വ്യക്തമാകാത്തത്.
നിലവില്‍ കുമ്പഴ, കുലശേഖരപതിയിലേതാണ് വലിയ ക്ലസ്റ്റര്‍. തിരുവല്ല തുകലശേരിയിലേത് സ്ഥാപന ക്ലസ്റ്ററായി കണക്കാക്കുന്നു. 27 കന്യാസ്ത്രീകള്‍ക്കാണ് തുകലശേരിയില്‍ രോഗം സ്ഥിരീകരിച്ചത്. പുറത്തേക്ക് രണ്ടുപേരിലും.
അവിടെ രോഗികളായ കന്യാസ്ത്രീകളെ കോണ്‍വെന്റില്‍ തന്നെ ചികിത്സ ലഭ്യമാക്കാനുള്ള ക്രമീകരണമാണ് ചെയ്തിരിക്കുന്നത്. അടൂര്‍ കേന്ദ്രീകരിച്ച് പുതിയ ഒരു ക്ലസ്റ്റര്‍ രൂപം കൊള്ളാനുള്ള സാധ്യത കണക്കാക്കുന്നു.
ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ജോലിയെടുത്തിരുന്ന ഡോക്ടറില്‍ നിന്ന് ഒരാള്‍ക്ക് കൂടി ഇന്നലെ രോഗം കണ്ടെത്തി. അടൂരില്‍ തന്നെ ഉറവിടം അറിയാത്തതായ കേസുകളും രൂപപ്പെട്ടു.
പുതിയ സമ്പര്‍ക്കരോഗികളെ കണ്ടെത്തിയതോടെ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്മെന്റ് സോണുകളിലേക്കു മാറുകയാണ്. പത്തനംതിട്ട നഗര പരിധി മുഴുവന്‍ കണ്ടെയ്ന്മെന്റ് സോണാണ്. തിരുവല്ല, അടൂര്‍, പന്തളം നഗരസഭകളിലും ചില വാര്‍ഡുകള്‍ നിയന്ത്രിത മേഖകളാണ്.