പത്തനംതിട്ട: ജില്ലയില്‍ സമ്പര്‍ക്കവ്യാപനം പുതിയ തലങ്ങളിലേക്ക്. സമൂഹവ്യാപന സാധ്യത അറിയുന്നതിനുവേണ്ടി പൊതുസമൂഹത്തിനിടയില്‍ നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലൂടെ എട്ട് പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരെ സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിലേക്കാണ് പൊതുപരിശോധന നടത്തുന്നത്. നേരത്തെയും ഇത്തരം പരിശോധനകള്‍ നടന്നിരുന്നെങ്കിലും ഒറ്റപ്പെട്ട കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്നലെ പോസിറ്റീവായവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. രണ്ടുപേര്‍ ആലപ്പുഴ ജില്ലക്കാരാണെങ്കിലും പത്തനംതിട്ടയിലെത്തി ജോലി ചെയ്യുന്നവരാണ്. ഇവരുടെ സമ്പര്‍ക്കമോ രോഗ ഉറവിടമോ വ്യക്തമല്ലാത്തതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
ടൂവീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന പൊടിയാടി സ്വദേശി (59), തിരുവല്ലയിലെ ഒരു ബാങ്ക് മാനേജര്‍ പരവൂര്‍ സ്വദേശി (34), തിരുവല്ലയില്‍ ജോലി നോക്കുന്ന രണ്ട് കളര്‍കോട് സ്വദേശികള്‍, തിരുവല്ല ആനപ്രമ്പാല്‍ സ്വദേശിയായ തൊഴിലാളി (43), പള്ളിക്കല്‍ സ്വദേശി (40), പഴകുളം സ്വദേശി (73), കുറ്റപ്പുഴ സ്വദേശിനി (17) എന്നിവരാണ് പൊതുപരിശോധനയിലൂടെ പോസിറ്റീവായി കണ്ടെത്തിയത്.
ചങ്ങനാശേരി, പായിപ്പാട് സമ്പര്ക്കവ്യാപനവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളായ തിരുവല്ല കുറ്റപ്പുഴ മേഖലയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാവരും കുറ്റപ്പുഴ നിവാസികളാണ്.
ഇതുകൂടാതെ ഒരാള്‍ക്ക് സ്രവപരിശോധനയിലൂടെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചങ്ങനാശേരി ക്ലസറ്ററില്‍ നിന്ന് ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 19 ആയി.