പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് മരണം. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടറാണ് (76)ണ് മരിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അര്‍ബുദ സംബന്ധമായ അസുഖങ്ങളും അലക്സാണ്ടറെ അലട്ടിയിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ പത്തനംതിട്ടയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പത്തായി.
ക്ലസ്റ്ററുകളിലെ രോഗവ്യാപനത്തോടൊപ്പം പുതിയ പോസിറ്റീവ് കേസുകളും
പത്തനംതിട്ട: ജില്ലയില്‍ നിലവില്‍ രൂപം കൊണ്ടിട്ടുള്ള കോവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നതിനൊപ്പം കൂടുതല്‍ പേര് പോസിറ്റീവാകുന്നു. നേരത്തെ രോഗം കണ്ടെത്തിയവരുടെ സമ്പര്‍ക്കത്തില്‍ പുതിയ രോഗികളുണ്ടാകുന്നുണ്ട്.
ഇതോടൊപ്പം ഉറവിടം വ്യക്തമാകാത്ത രോഗബാധയും ജില്ലയില്‍ കണ്ടുവരുന്നു. കടമ്പനാട് ക്ലസ്റ്ററില്‍ 23 പേര്‍ക്കു കൂടിയാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കടമ്പനാട് ക്ലസ്റ്ററില്‍ ഇതുവരെ 82 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും തുവയൂര്‍ സൗത്ത് സ്വദേശികളാണ്. തേപ്പുപാറ സ്വദേശിയായ ഒരാള്‍ക്കും രോഗം കണ്ടെത്തി.
കണ്ണങ്കോട് ക്ലസ്റ്ററില്‍ ഇന്നലെ നാലുപേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ കണ്ണങ്കോട് ക്ലസ്റ്ററിലെ രോഗബാധിതരുടെ എണ്ണം 38 ആയി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ഈ ക്ലസ്റ്ററില്‍ ഇതുവരെ 29 പേര് രോഗബാധിതരായി. കൈപ്പുഴ നോര്‍ത്ത് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നെല്ലാട് ക്ലസ്റ്ററില്‍ ഒരാള്‍ക്കും മലയാലപ്പുഴ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിലുള്ള ക്ലസ്റ്ററിനു പുറത്ത് ഇന്നലെ 21 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവരാണ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച ഒമ്പതുപേരുടെ സമ്പര്‍ക്ക ഉറവിടവും വ്യക്തമല്ല. കൊടുമണ്ണിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്നലെ രോഗം സ്ഥിരീകരിച്ച പട്ടികയിലുണ്ട്.
റാന്നി താലൂക്ക് ആശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, ഏഴംകുളത്ത് പോലീസ് കേസിലെ പ്രതി, പന്തളം തെക്കേക്കരയില്‍ ബേക്കറി നടത്തുന്നയാള്‍, അടൂരില്‍ ഫ്രൂട്ട് സ്റ്റാള്‍ ഉടമ, കുറ്റൂരില്‍ ഒരു വൈദികന്, ഇടയാറന്മുളയില് തൊഴിലുറപ്പ് തൊഴിലാളി, വള്ളിക്കോട്ടെ സൈക്കിള്‍ ഷോപ്പ് ഉടമ തുടങ്ങിയവര്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ കൂട്ടത്തിലുണ്ട്.