പത്തനംതിട്ട: സമ്പര്ക്കപ്പശ്ചാത്തലം അറിയാതെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണത്തിലെ വര്‍ധന വരുംദിവസങ്ങളില്‍ വ്യാപന സാധ്യത വര്ധിപ്പിക്കുമെന്ന്് ആശങ്ക.
നേരത്തെ രോഗികളായവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നു രോഗം സ്ഥിരീകരിക്കുന്നവര് നിരീക്ഷണത്തില്‍ കഴിയുന്നവരായതിനാല്‍ ഇവരില്‍ നിന്നുള്ള രോഗവ്യാപനം പരിമതിമായ തോതിലാകും. എന്നാല്‍ ഉറവിടം വ്യക്തമാകാതെ പോസിറ്റീവാകുന്നവര്‍ക്ക് സമ്പര്‍ക്കപ്പട്ടിക വിപുലമാണ്.
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്പര്ക്കപ്പശ്ചാത്തലം വ്യക്തമല്ല. ഇവരില്‍ പലരും വിവിധ മേഖലകളില്‍ ജോലിയെടുക്കുന്നവരും കൂടുതല്‍ ആളുകളുമായി സമ്പര്ക്കമുള്ളവരുമാണ്.
രോഗലക്ഷണങ്ങളോടെ പരിശോധനയ്ക്കെത്തിയവരാണ് ഇവരിലേറെയും. രോഗലക്ഷണങ്ങളുള്ളപ്പോള്‍ തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലായിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യവകുപ്പ് സന്പർക്കപ്പട്ടിക തയാറാക്കുന്നത് ഒഴിവാക്കിയിരിക്കുകയാണ്.
പകരം രോഗം സ്ഥിരീകരിക്കപ്പെട്ടയാളില് നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ് ചെയ്യുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 221 പേരും നേരത്തെ രോഗബാധിതരായവരുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്.
തിരുവല്ല പോലീസ് സ്റ്റേഷനില്‍ രണ്ടുപേര്‍ക്കും കോന്നി ഡിഎഫ്ഒയില്‍ മൂന്നുപേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായി.
ഉതിമൂട്ടില്‍ കെഎസ്ടിപി ജോലിയുമായി ബന്ധപ്പെട്ട് പുതിയ ഒരു ക്ലസ്റ്റര്‍ രൂപംകൊണ്ടു. ആറുപേര്‍ക്കാണ് ഇതേവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അടൂര്‍ കെഎപി മൂന്ന് കേന്ദ്രീകരിച്ചും ക്ലസ്റ്റര്‍ രൂപപ്പെട്ടു.