പത്തനംതിട്ട: വര്‍ധിച്ച കോവിഡ് വ്യാപനവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് ജില്ലയില്‍ കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചേക്കും.
ഇന്നും നാളത്തെയും ടിപിആര്‍ കൂടി പരിശോധിച്ചാകും തീരുമാനം. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാതല അവലോകനയോഗം ചേര്‍ന്നിരുന്നു.
ആറന്മുള ഗ്രാമപഞ്ചായത്തിനെക്കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. ആറന്മുള ഗ്രാമപഞ്ചായത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 16.3 ശതമാനമാണ്. ഇന്നലെ പരിശോധനയില്‍ 42 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
മൂന്നാം തരംഗം ഉണ്ടാകുന്നതിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നതിന് യോഗം തീരുമാനിച്ചു.
നിലവില്‍ പത്തനംതിട്ട ജില്ലയില്‍ കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്നത് കുറ്റൂര്‍, നാറാണംമൂഴി, കവിയൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, ചെന്നീര്‍ക്കര, കൊറ്റനാട് പഞ്ചായത്തുകളാണ്.
ഈ പഞ്ചായത്തുകളിലടക്കം ഇന്നും നാളെയും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ട്.കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്നത് കടപ്ര പഞ്ചായത്താണ്. ഡെല്‍റ്റ പ്ലസ് വകഭേദം ശ്രദ്ധയില്‍പെട്ട കടപ്രയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ ഈ ദിവസങ്ങളില്‍ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കാറ്റഗറികള്‍ തിരിച്ചതിനുശേഷം രോഗബാധിതരുടെ എണ്ണം കൂടിയ ആറന്മുള, പ്രമാടം, പഴവങ്ങാടി എന്നീ പഞ്ചായത്തുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
യോഗത്തില്‍ മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി, ഡിഎംഒ ഡോ. എ.എല്‍. ഷീജ, ഡിഡിപി കെ.ആര്. സുമേഷ്, ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.