പത്തനംതിട്ട: വിദേശ രാജ്യങ്ങളില്‍ നിന്നെത്തി നിരീക്ഷണത്തിലായവരുടെ ക്വാറന്റൈന് കാലാവധി 20 ഓടെ അവസാനിക്കും. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിനങ്ങളില്‍ എത്തിയവരുടെ നിരീക്ഷണകാലാവധിയാണ് അവസാനിക്കുന്നത്.
മാര്‍ച്ച് 23 ഓടെ വ്യോമഗതാഗതം അവസാനിച്ചതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവും അന്നുതന്നെ നിലച്ചിരുന്നു. ആദ്യം ഇവര്‍ക്ക് 14 ദിവസമാണ് ക്വാറന്റൈന് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പലരിലും അതിനുശേഷവും രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും മറ്റു ചിലരുടെ പരിശോധനാഫലം പോസിറ്റീവാകുകയും ചെയ്തതിനാല്‍ നിരീക്ഷണകാലാവധി 28 ദിവസമായി ഉയര്‍ത്തുകയായിരുന്നു.
എന്നാല്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ മറ്റു രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഇവരില്‍ ചിലരുടെ പരിശോധനാഫലം പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ പോസിറ്റീവായത് ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 28 ദിവസത്തിനപ്പുറത്തേക്ക്് ക്വാറന്റൈന് കാലാവധി നീട്ടിയിട്ടില്ല.
പത്തനംതിട്ടയില്‍ നിലവില്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ 1,079 പേര് മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഒരുഘട്ടത്തില്‍ ഇത് നാലായി രത്തിലധികമുണ്ടായിരുന്നു. നിരീക്ഷണകാലാവധി പൂര്‍ത്തിയായവരെ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ്. ഇന്നലെ മാത്രം 151 പേരെ വിടുതല്‍ ചെയ്തു.
ഇതര സംസ്ഥാനങ്ങൾ നിന്നെത്തിയവരാണ് പിന്നീട് നിരീക്ഷണത്തിലുള്ളവരില്‍ ഏറെപ്പേരും. ലോക്ക്ഡൗണ്‍ മാര്‍ച്ച് 23ന് ആരംഭിച്ചെങ്കിലും അതിനു മുമ്പ് കേരളത്തിലെത്തിയവരിൽ പലരെയും കണ്ടെത്തി ക്വാറന്റൈനിലാക്കാന്‍ താമസം നേരിട്ടിരുന്നു.
ഇതോടെ ഇവരുടെ നിരീക്ഷണ കാലാവധി 28 ദിവസമാക്കി നിശ്ചയിച്ച് മുന്നോട്ടുപോയിട്ടുണ്ട്. പത്തനംതിട്ടയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 4,583 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് പത്തനംതിട്ട ജില്ലയില്‍ മടങ്ങിയെത്തിയ 20 പേരുടെയും വിവിധ പോസിറ്റീവ് കേസുകളില്‍ പ്രാഥമികവും രണ്ടാമത്തേതുമായ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും നിരീക്ഷണം തുടരുകയാണ്. ഇത്തരത്തില്‍ മൊത്തം 5,920 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.