പത്തനംതിട്ട: ജില്ലയില്‍ ഇന്നലെ നാലുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗവിമുക്തി. ഇന്നലെ വരെ 30 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ടയില്‍ ഇതുവരെ 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നലെ രണ്ടു പേര് രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 21 ആയി. മൂന്നാംഘട്ടത്തില്‍ മേയ് 12 മുതല്‍ ഇതുവരെ 35 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ രോഗവിമുക്തരായത്.
നിലവില്‍ 30 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 25 പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും രണ്ടുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റൊരാള്‍ റാന്നി മേനാംതോട്ടം ആശുപത്രിയിലെ കോവിഡ് ഒന്നാംനിര കോവിഡ് കെയര്‍ സെന്ററിലുമാണ് ചികിത്സയിലുള്ളത്.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തിലാകുന്നവരുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെത്തുന്നതു കാരണം നിലവിലെ നിരീക്ഷണസംവിധാനങ്ങളിലെ പോരായ്മകളുള്ളതായി ആരോഗ്യവകുപ്പിനും ആശങ്ക.
കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ ഏറെപ്പേരെയും വീടുകളിലേക്ക് നിരീക്ഷണത്തില്‍ അയയ്ക്കുകയാണ്. വീടുകളില്‍ സ്വന്തമായി മുറി ഉപയോഗിക്കാനാകാത്തവരെ 14 ദിവസംവരെയും കോവിഡ് കേന്ദ്രങ്ങളില്‍ താമസിക്കാന്‍ അനുവദിക്കുന്നുണ്ട്.
എന്നാല്‍ ഇവര്‍ ഒഴിയുമ്പോള്‍ മുറികള്‍ വീണ്ടും സജ്ജമാക്കാന്‍ രണ്ടുദിവസമെങ്കിലും വേണ്ടിവരുന്നു. ഇതോടൊപ്പം നിലവിലെ താമസസൗകര്യങ്ങളില്‍ കുറവുണ്ടായാല്‍ ഒരു മുറി രണ്ടുപേര്‍ക്കായി നല്‍കേണ്ടിവരുമെന്നും പറയുന്നു. നിലവില്‍ 114 കോവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ 1,137 പേരാണുള്ളത്.
ഇന്നലെ പത്തുപേരെക്കൂടി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 58 പേരാണ് നിലവില്‍ ആശുപത്രി ഐസൊലേഷനിലുള്ളത്. 4,103 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു തിരിച്ചെത്തിയ 3,298 പേരും വിദേശത്തുനിന്നു തിരിച്ചെത്തിയ 733 പേരും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.