ബിജു കുര്യന്
പത്തനംതിട്ട: കോവിഡ് 19 സമൂഹവ്യാപന സാധ്യതകള്‍ കൂടി പരിശോധിച്ചു തുടങ്ങിയതോടെ സംസ്ഥാനത്തു പ്രതിദിന പരിശോധനകളുടെ എണ്ണം കൂടി. എന്നാല്‍ പരിശോധനകള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
അഞ്ച് സ്വകാര്യ ആശുപത്രികളോടു ചേര്‍ന്ന ലാബുകളിലും പരിശോധനയ്ക്ക് അംഗീകാരമായിട്ടുണ്ട്. ഇതോടെ 20 ലാബുകള്‍ സംസ്ഥാനത്തു സജ്ജമായി. 12 ലാബുകളും സര്‍ക്കാര്‍ മേഖലയിലാണ്.
സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നടത്തുന്ന പരിശോധനകള്‍ സ്വകാര്യ മേഖലയില്‍ പിസിആര്‍ ടെസ്റ്റിന് 4,500 രൂപയും സ്ക്രീനിംഗിന് 1,200 രൂപയുമാണ് ഈടാക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുള്ള തുകയാണെന്നു പറയുന്നു. സ്വകാര്യ ലാബുകളില്‍ എല്ലായിടത്തും പിസിആര്‍ ടെസ്റ്റിന് അനുമതി ലഭിച്ചിട്ടില്ല.
സ്വകാര്യ മെഡിക്കല്‍ കോളജുകളോടു ചേര്‍ന്ന ചില ലാബുകളില്‍ പരിശോധനാനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം ലാബുകളിലെ പരിശോധന വേഗത്തില്പ്രയോജനപ്പെടുത്താവുന്നതാണ്.
രണ്ട് മണിക്കൂറിനുള്ളില്‍ പരിശോധനാഫലം നല്‍കാനാകും. എന്നാല്‍ സ്വകാര്യ ലാബുകളിലെ പരിശോധനയ്ക്ക് കര്‍ണാടകയില്‍ 2,250 രൂപയും തമിഴ്നാട് 3,000 രൂപയുമാണ് ഈടാക്കുന്നത്.
സമൂഹവ്യാപന സാധ്യതകള്‍ കണ്ടെത്തുന്നതിലേക്ക് കഴിഞ്ഞ ഒമ്പതിനാരംഭിച്ച ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തു പരിശോധനകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. ഒമ്പതിന് 9,721 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
എന്നാല്‍ 10ന് സാധാരണ നിലയിലുള്ള പരിശോധനാ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2,907 സാമ്പിളുകള്‍ അയച്ചു. 11ന് 4,968 സാമ്പിളുകളും 12ന് 4,483, 13ന് 4,385, 14ന് 4,322 സാമ്പിളുകള്‍ എന്ന ക്രമത്തിലാണ് പരിശോധനയ്ക്ക് അയച്ചത്.
1,12,962 സാമ്പിളുകളാണ് ഇന്നലെ വരെ സംസ്ഥാനത്തു പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ആന്റി ബോഡി പരിശോധനകളും കഴിഞ്ഞയാഴ്ച സംസ്ഥാനത്തു കൂടുതലായി നടന്നു. ആവശ്യാനുസരണം കിറ്റുകള്‍ കൂടി സജ്ജമായതോടെയാണ് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.
ഒരുമാസം മുമ്പുവരെ ശരാശരി 1,250 സാമ്പിളുകളാണ് പ്രതിദിന പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിപ്പോള്‍ നാലായിരത്തിനു മുകളിലേക്ക് എത്തിയിട്ടുണ്ട്.