പത്തനംതിട്ട: പത്തനംതിട്ടയില്‍ സമീപദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടികയും വിപുലം.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ പൊതുപ്രവര്‍ത്തകരും വ്യാപാരികളും ഒക്കെ ഉള്‍പ്പെടുന്നതിനാല്‍ സമ്പര്‍ക്കപ്പട്ടിക വിപുലമാകുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ ഓരോ രോഗികളുടെയും പട്ടിക പുറത്തിറക്കുക ബുദ്ധിമുട്ടാകും.
ആളുകള്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തയാറാകുകയാണ് വേണ്ടതെന്ന് അധികൃതര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയാണ്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ അടക്കം നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം.
മുന്‍വൈസ് ചെയര്‍പേഴ്സണ്‍ നിലവില്‍ ആനപ്പാറയില്‍ റേഷന്‍കടയുണ്ട്. ഇവരുടെ സമ്പര്‍ക്കത്തിലും നിരവധി പേരുള്ളതായാണ് വിവരം. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥി നേതാവ് ഇവരുടെ മകനാണ്. മകള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യവ്യാപാരികളില്‍ നിന്നുള്ള സമ്പര്‍ക്കത്തില്‍ രോഗം പടര്‍ന്നവര്‍ പട്ടികയിലുണ്ട്.
മേലെവെട്ടിപ്രം, കടമ്മനിട്ട, മലയാലപ്പുഴ ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ രോഗം പടര്‍ന്നിട്ടുണ്ട്. പത്തനംതിട്ട നഗരപ്രദേശത്തെ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ വിവിധ തലങ്ങളില്‍ സമ്പര്‍ക്കത്തിലായവരില്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, വ്യാപാരസ്ഥാപനങ്ങള്‍, ബാങ്കുകള്‍ ഇവ ഉള്‍പ്പെടുന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ജില്ലാകമ്മിറ്റിയംഗങ്ങള്‍ അടക്കം നിരീക്ഷണത്തിലാകുകയാണ്. നേരത്തെ ആര്‍ടി ഓഫീസ് ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതോടെ ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അടക്കം നിരീക്ഷണത്തിലായിട്ടുണ്ട്.
ഇന്നലെ വരെ വിവിധ പോസിറ്റീവ് കേസുകളില്‍ 1422 സമ്പര്‍ക്കക്കാര്‍ നിരീക്ഷണത്തിലായി. ഇതുള്‍പ്പെടെ 5880 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2617 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1841 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. 136 കോവിഡ് കെയര്‍ സെന്ററുകളിലായി 1381 പേര് താമസിക്കുന്നുണ്ട്.