പത്തനംതിട്ട: കുന്പഴ മാർക്കറ്റിലെ മത്സ്യ മൊത്തവ്യപാരിക്കും ചില്ലറ വില്പനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരുടെയും സന്പർക്കപ്പട്ടികയിൽപ്പെട്ടവരെ പൂർണമായി കണ്ടെത്താനായിട്ടില്ലെങ്കിലും ഇതു വിപുലമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
മത്സ്യമൊത്ത വ്യാപാരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും സഹകരണ ബാങ്ക് ജീവനക്കാരനും കൂടിയായതിനാൽ സന്പർക്കപട്ടിക വിപുലമാണ്. ഇതിൽ സിപിഎം ജില്ലാ നേതാക്കളടക്കം ഉൾപ്പെടുന്നു. യോഗത്തിൽ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിൽ പോകുകയാണ്.
42 കാരനായ ഇദ്ദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നിനാണ് ഇയാളിൽ രോഗലക്ഷണങ്ങൾ പ്രകടമായത്. രണ്ടിനു രാവിലെ കുന്പഴ മാർക്കറ്റിൽ നടന്ന പൊതുപരിശോധനയിൽ സ്രവം പരിശോധനയ്ക്കെടുത്തിരുന്നു.
അന്നുതന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. കോവിഡ് പരിശോധന വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും സ്രവം അയച്ചിട്ടുണ്ടെന്ന് അറിയിച്ചതിനാൽ മരുന്നുവാങ്ങി വീട്ടിലേക്കു പോയി. പിന്നീട് ആറിനു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലായി.
രോഗം സ്ഥിരീകരിച്ചതിനേ തുടർന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഇയാൾക്ക് തൊണ്ടവേദന, ശ്വാസം മുട്ടൽ എന്നിവ അനുഭവപ്പെടുകയും ന്യൂമോണിയ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
പ്രമേഹം കൂടിയുള്ളതിനാലാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. ഇദ്ദേഹം കുന്പഴയിൽ മത്സ്യ മൊത്തവ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. 20 ജീവനക്കാർ സ്ഥാപനത്തിലുണ്ട്. മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിലായതിനാൽ സന്പർക്കപ്പട്ടിക മുഴുവൻ ചോദിച്ചറിയാനായിട്ടില്ല.
പ്രാഥമികമായി 21 പേരുടെയും രണ്ടാംഘട്ടത്തിൽ 14 പേരുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളപ്പോൾ തന്നെ സംസ്കാര ചടങ്ങിലും വീടുമാറ്റത്തിലുമൊക്കെ ഇയാൾ പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ പത്തനംതിട്ടയിലെ മത്സ്യവ്യാപാരി (48)യാണ്.
കഴിഞ്ഞ രണ്ടിന് കുന്പഴയിൽ നിന്നാണ് ഇയാളുടെ സ്രവവും ശേഖരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജനറൽ ആശുപത്രിയിലാക്കി. ഇയാളുടെ സന്പർക്കപ്പട്ടികയിലുള്ള 11 പ്രാഥമിക സന്പർക്കക്കാരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വിദ്യാർഥി നേതാവുമായി ബന്ധപ്പെട്ട് നഗരത്തിലെ 840 വീടുകളിൽ ഇന്നലെ ആരോഗ്യവകുപ്പ് സംഘമെത്തി പരിശോധനകൾ നടത്തി. രോഗലക്ഷണങ്ങളുള്ള 17 പേരെ കണ്ടെത്തി സ്രവ പരിശോധനയ്ക്കായി അയച്ചു.
രാഷ്്ട്രീയക്കാർ, വ്യാപാരികൾ അടക്കം നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ പത്തനംതിട്ട നഗരസഭ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി. നിയന്ത്രണങ്ങളും കടുപ്പിച്ചു. ഏഴുദിവസത്തേക്കാണ് നിയന്ത്രണം. റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്പെഷാലിറ്റി ഒപികളുടെ പ്രവർത്തനം നിർത്തിവച്ചു.