കോവിഡ് രോഗിയെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ കക്ഷി അവിടില്ല. പിന്നെ തപ്പിയിറങ്ങിയപ്പോള്‍ കണ്ടത് പൊതുനിരത്തിലും.
ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ പൊലീസ് കയ്യോടെ പൊക്കുകയായിരുന്നു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്.
കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
കോവിഡ് പോസിറ്റീവായവര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല.
പോലീസിന്റെ ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളില്‍ നിന്നു ലഭിച്ചതും. തുടര്‍ന്ന് രോഗിയെ ഫോണില്‍ വിളിച്ചപ്പോള്‍ കോവിഡ് പരിശോധനയ്ക്കു പുറത്തുപോയിരിക്കുകയാണെന്നായിരുന്നു മറുപടി.
സംശയം തോന്നിയ പോലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തില്‍ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗണ്‍ ലംഘിച്ചതിനടക്കം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസ് എടുത്തു.