കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം പിടികൂടി. ലഹരി കിട്ടാതായതോടെ പലരും അക്രമാസക്തരാവുകയും ചെയ്തു.
കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ അഴിഞ്ഞാടിയത്.
പുറത്തു നിന്നും എത്തിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിച്ച് ലഹരി കടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിക്കുകയായിരുന്നു.
പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്.
എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ പരിശോധിച്ചതോടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ചിലര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ബഹളംവെച്ചത്.
കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയായിരുന്നു. എല്ലാവര്ക്കും കോവിഡ് പടര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി. രോഗികളുടെ ഭീഷണിയും തെറിവിളിയും മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് വിവരം.
സംഭവം വിവാദമായതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു.
ലഹരിക്ക് അടിമകളായവരെയും മാനസികാരോഗ്യപ്രശ്നങ്ങളുള്ളവരെയും ചികിത്സിക്കാന്‍ പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ പല കോവിഡ് കേന്ദ്രങ്ങളിലേക്കും ലഹരി കടത്തുന്നതായി മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.