പാലക്കാട് : കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിൽ പട്ടാന്പി താലൂക്ക്, നെല്ലായ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വാർഡുകളും ദുരന്തനിവാരണ നിയമം 2005 പ്രകാരം തീവ്രനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഉത്തരവ് ഇന്നലെമുതൽ രണ്ടാഴ്ച്ചവരെ പ്രാബല്യത്തിൽ ഉണ്ടാകും. ഈ മേഖലയിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ പാടുള്ളതല്ല, അവശ്യ വസ്തുക്കൾ വില്ക്കുന്ന കടകൾ രാവിലെ 9.00 മുതൽ വൈകുന്നേരം ഏഴുവരെ മാത്രം തുറന്നുപ്രവർത്തിക്കും.
മെഡിക്കൽ ഷോപ്പുകൾ മിൽമ ബൂത്തുകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്.
ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലൻസ്, കഐസ് ഇബി, വാട്ടർ അതോറിറ്റി, ബാങ്ക്, എടിഎം എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകൾ 50 ശതമാനത്തിൽ കുറവ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കേണ്ടതാണ്. കോവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാത്രം തുറന്നുപ്രവർത്തിക്കാവുന്നതും ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം ഓഫീസ് മേധാവി തീരുമാനിക്കേണ്ടതുമാണ്.
മറ്റ് ഓഫീസുകളിൽ അത്യാവശ്യ സേവനങ്ങൾക്ക് ആവശ്യമായ 50 ശതമാനം ജീവനക്കാരിൽ കുറവ് ജീവനക്കാർ മാത്രം ഹാജരാകേണ്ടതും ഹാജരാകേണ്ട ജീവനക്കാരെ ഓഫീസ് മേധാവി തീരുമാനിക്കേണ്ടതുമാണ്. അത്യാവശ്യഘട്ടങ്ങൾ ഇല്ലാത്ത സാഹചര്യങ്ങളിൽ ഓഫീസ് മേധാവി മാത്രം ഹാജരാകേണ്ടതാണ്.
താലൂക്ക് പരിധിക്കുള്ളിൽ പൊതുവാഹന ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ദീർഘദൂര ബസുകൾ കടന്നുപോകാം. എന്നാൽ താലൂക്ക് പരിധിയിൽ യാത്രക്കാരെ കയറ്റുവാനോ ഇറക്കാനോ പാടില്ല. ഓട്ടോടാക്സി മുതലായവ അത്യാവശ്യഘട്ടങ്ങളിൽ നിയന്ത്രണവിധേയമായി സർവീസ് നടത്താം.
നൈറ്റ് കർഫ്യു രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ കർശനമായി നിലനില്ക്കും. ആശുപത്രി മറ്റ് അത്യാവശ്യ യാത്രകൾ നിയന്ത്രണവിധേയമായി നടത്താം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല.
വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ഒത്തുചേരൽ പൂർണമായും നിരോധിച്ചു. മുന്പ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ 25 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം.
മരണവീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചു.
സമരങ്ങൾ, പ്രകടനങ്ങൾ, പൊതുപരിപാടികൾ എന്നിവ കർശനമായും നിരോധിച്ചു. ആഴ്ചചന്തകളും വഴിയോരക്കച്ചവടവും മത്സ്യകന്പോളങ്ങളും പൂർണമായും നിരോധിച്ചു. ആരാധനാലയങ്ങളിൽ (ക്രിസ്ത്യൻ, മുസ്ലീം, അന്പലങ്ങൾ, ധ്യാനകേന്ദ്രങ്ങൾ) പൊതുജനങ്ങളുടെ പ്രവേശനം കർശനമായി നിരോധിച്ചു.
ഈ മേഖലയിൽ പത്രവിതരണം, മാധ്യമക്കാരുടെ പ്രവേശനം എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായി അനുവദിക്കും. മേഖലയിൽനിന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ജനങ്ങൾക്കു പുറത്തേക്കു പോകാൻ അനുവാദമുള്ളൂ.
ഇത്തരം നിബന്ധനകൾക്ക് പുറമേ ഈ സ്ഥലങ്ങളിൽ ആവശ്യമില്ലാത്ത എല്ലാ യാത്രകളും പ്രവർത്തനങ്ങളും നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 പ്രകാരവും കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് 2020 വകുപ്പ് 4 (2) പ്രകാരവും ശിക്ഷാനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.