മാഹി: കോവിഡ് മഹാമാരി പെട്രാൾ പന്പ് ജീവനക്കാരെയും ദുരിതത്തിലാക്കി. അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ഭീതിയോടെയാണ് പന്പുകളിൽ ജീവനക്കാർ നിലവിൽ ജോലി തുടരുന്നതും.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പമ്പ് ജീവനക്കാർക്ക് തൊഴിൽ മേഖല ദുരിതമായത്.
കണ്ണൂർ ജില്ലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ 160 പമ്പുകളാണ് പ്രവർത്തിക്കുന്നത്. മാഹി മേഖലയിൽ 17 പമ്പുകളും പ്രവർത്തിച്ചു വരുന്നു.
എസ്ആർ, റിലയൻസ് എന്നീ കമ്പനികളുടെ ഏതാനും പെട്രോൾ പമ്പുകളും ഉണ്ട്. ഇതിൽ കണ്ണൂർ ജില്ലയിൽ ആയിരത്തോളം ജീവനക്കാരും മാഹിയിൽ 300 ജീവനക്കാരുമാണ് ജോലി ചെയ്യുന്നത്. എന്നാൽ ലോക്ക്ഡൗണിന് ശേഷം ദേശീയ പാതയിലെയും മറ്റ് ചില പമ്പുകളിലും മാത്രമാണ് മാസശമ്പളം നൽകുന്നുള്ളു.
മറ്റുള്ള പമ്പുകളിലെല്ലാം ജോലി ചെയ്ത മണിക്കൂറുകൾക്ക് മാത്രമാണ് വേതനം. റോഡുകളിൽ വാഹനം കുറഞ്ഞതോടെ പമ്പുകളിൽ വ്യാപാരം കുറഞ്ഞതാണ് തൊഴിലാളികൾക്ക് ജോലി നഷ്ടമാകാൻ കാരണമായത്.
വിഷു ബോണസ് പോലും കൊറോണ കാരണം പറഞ്ഞ് ഭൂരിഭാഗം പമ്പുകളിലെ തൊഴിലാളികൾക്ക് ഇനിയും ലഭിച്ചിട്ടില്ല. തൊഴിലാളികൾ പെട്രോൾ പമ്പുകളിൽ കോവിഡ് പശ്ചാത്തലത്തിൽ ജോലി ചെയ്യുന്നത് ഭീതിയോടെയാണ്.
സാമൂഹിക അകലം പോലുള്ള കോവിഡ് മാനദണ്ഡങ്ങൾ ഇന്ധനം നിറച്ചു കൊടുക്കുമ്പോൾ പാലിക്കുവാൻ കഴിയാതെ പോകുകയാണ്. ഉപഭോക്താക്കൾ എവിടെ നിന്ന് വരുന്നു എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുമാണ്. കൂടാതെ രോഗികളേയും കൊണ്ട് കുതിച്ചു വരുന്ന ആംബലൻസുകൾക്കും ഭീതിയോടെയാണ് ഇന്ധനം നിറക്കുന്നത്.
ഈ സാഹചര്യത്തിലും പെട്രോളിയം കമ്പനികളും പമ്പുടമകളും ജീവനക്കാരോട് അന്യായം കാണിക്കുന്നതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയരുകയാണ്. ഭൂരിഭാഗം ജീവനക്കാർക്കും മണിക്കൂറുകൾ വെച്ച് കണക്ക് കൂട്ടുമ്പോൾ 15 ദിവസത്തെ വേതനം മാത്രമാണ് ലഭിക്കുന്നത്.
മാഹിയിൽ പുതുക്കിയ മിനിമം വേതനം നൽകി വരുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിൽ കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനമായ 15600 രൂപ നൽകുന്നില്ല. 2011 ലെ മിനിമം വേതനമായ 12000 രൂപയാണ് നൽകുന്നത്.
വിദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരേണ്ട ഒരു പറ്റം ജീവനക്കാർ യാത്രാ സൗകര്യമില്ലാത്തതിനാൽ വീട്ടിൽ തന്നെയാണ്. ഇതിൽ സ്ത്രീ തൊഴിലാളികളും ഉൾപ്പെടും. ഇവർ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്. ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്പോൾ സർക്കാർ ഇവരെയും കൂടി ഓർത്താൽ നല്ലത്.