കൊച്ചി: കോവിഡ് ബാധിതരുടെ നിരീക്ഷണം ഫലപ്രദമായി നടപ്പാക്കുന്നതിനു ഫോണ് കോൾ വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തെ അനുകൂലിച്ചു ഹൈക്കോടതി. തീരുമാനം ചോദ്യം ചെയ്തു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഫോണ് കോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണു പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
സർക്കാർ തീരുമാനത്തിൽ അപാകതയില്ലെന്നും ടവർ ലൊക്കേഷൻ മാത്രമാണു ശേഖരിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുന്പോൾ സർക്കാർ നടപടിയിൽ തെറ്റില്ലെന്നും ബെഞ്ച് വിലയിരുത്തി.
നിരീക്ഷണം ഫലപ്രദമാക്കാൻ ടവർ ലൊക്കേഷൻ മാത്രമാണു പരിശോധിക്കുന്നതെന്നു കഴിഞ്ഞ ദിവസം സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചിരുന്നു. കോൾ വിവരങ്ങൾ (സിഡിആർ) പൂർണമായി നൽകുന്നതിനുള്ള സംവിധാനമാണു ടെലികോം കന്പനികൾക്കുള്ളത്. ഇവയിൽ ടവർ ലൊക്കേഷൻ ഒഴികെയുള്ള വിവരങ്ങൾ സർക്കാർ ഉപയോഗിക്കുന്നില്ലെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.
സന്പർക്ക പട്ടിക തയാറാക്കാൻ ഇത്തരത്തിൽ വിവരശേഖരണം നടത്തുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണു രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.