ചാത്തന്നൂർ: വിവാഹ ചടങ്ങുകൾ നടത്തുന്നവരും മരണം സംഭവിച്ച വീട്ടുകാരും കരുതിയിരിക്കുക. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പിഴ ഈടാക്കാനാണ് ഉത്തരവ്. ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. 3000 രൂപ മുതൽ 5000 വരെയാണ് പിഴ ഒടുക്കേണ്ടത്.
ആൾക്കൂട്ട നിയന്ത്രണത്തിന്റെ പേരിലാണ് പിഴ ചുമത്തുന്നത്.വിവാഹ ചടങ്ങുകൾ മിക്കതും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനും വളരെ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. വിവാഹ ചടങ്ങിൽ 75 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിർദ്ദേശം. ഇത് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പിഴ ചുമത്തുന്നത്.
മരണം അപ്രതീക്ഷിത സംഭവമാണ്. അവിടെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തും. ഇതും നിശ്ചിത ആൾ ക്കൂട്ടത്തിൽ അധികരിച്ചു എന്നാരോപിച്ചായിരിക്കും പിഴ.കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നാട് പോലീസ് രാജായി മാറിയിരിക്കയാണ്.
മനസില്ലാ മനസ്സോടെയാണെങ്കിലും പോലീസ് കണ്ണിൽ കാണുന്നവർക്കെല്ലാം 500 രൂപ വീതം പിഴ ചുമത്തി കൊണ്ടിരിക്കയാണ്. ഇതിനെതിരെ പല ഭാഗത്തും പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.ഇരുചക്രവാഹനങ്ങളിൽ എത്തിയാണ് പോലീസ് പല സ്ഥലത്തും പിഴ ഈടാക്കുന്നത്.
ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ സാമൂഹിക അകലം പാലിച്ചില്ലെന്ന് ആരോപിച്ച് പിഴ ചുമത്തുന്ന പോലീസുകാരാണ് ഇരുചക്രവാഹനത്തിലെത്തുന്നത്. ഇരുചക്രവാഹനത്തിലെത്തുന്ന പോലീസുകാർക്ക് സാമൂഹിക അകലം ബാധകമല്ലേ എന്ന് നാട്ടുകാർ ചോദിക്കുന്നു.
കോവിഡ് പ്രതിരോധത്തിന്റെ മറവിൽ എങ്ങനെയും ജനങ്ങളെ പരമാവധി ഊറ്റി പിഴിയുക തന്നെയാണ് ലക്ഷ്യം. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഐഎഎസ്, ഐപിഎസ് മേധാവികൾക്ക് ശമ്പളം മുടങ്ങാതിരിക്കാൻ പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കൈയിട്ടുവാരുന്ന അവസ്ഥയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.