കൽപ്പറ്റ: വയനാട്ടിലെ കൊറോണ വൈറസ് ബാധിതരിൽ ചിലർ സന്പർക്ക വിവരം പൂർണമായി വെളിപ്പെടുത്താൻ തയാറാകാത്ത സാഹചര്യത്തിൽ പോലീസ് നിലപാട് കടുപ്പിക്കുന്നു.
സന്പർക്കവിവരം മറച്ചുവയ്്ക്കുന്നതായി സംശയിക്കുന്നവരെ ചോദ്യം ചെയ്യാനാണ് പോലീസ് പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന സംഘം രൂപീകരിച്ചതായാണ് അറിയുന്നത്.
കോവിഡ്-19 രോഗികളായ 17 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. ഇതിൽ കമ്മന, ചീരാൽ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടു യുവാക്കളുടെ പൂർണ സന്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞില്ല.
കമ്മന സ്വദേശിയായ യുവാവിൽ മേയ് 10നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് ജീവനക്കാർ കിണഞ്ഞുശ്രമിച്ചിട്ടും യുവാവ് സന്പർക്കവിവരം തുറന്നുപറഞ്ഞില്ല. പിന്നീട് പിപിഇ അണിഞ്ഞു രണ്ടു പോലീസുകാർ ചോദ്യം ചെയ്തിട്ടും പ്രത്യേകഫലം ഉണ്ടായില്ല. ഒടുവിൽ മേയ് 15നാണ് യുവാവിന്റെ സന്പർക്കവിവരം ഭാഗികമായി പുറത്തുവിട്ടത്.
മേയ് ഏഴിനു കോയന്പേടുനിന്നു ചീരാലിൽ എത്തിയ യുവാവിൽ കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി പ്രാഥമിക സന്പർക്കമുണ്ടായി വൈറസ് ബാധയേറ്റ സഹോദരന്റെ സന്പർക്കവിവരവും അപൂർണമാണെന്നാണ് പോലീസ് കരുതുന്നത്. പുറത്തുപറയാൻ കഴിയാത്ത ചില സന്പർക്കങ്ങൾ ചീരാലിലെയും കമ്മനയിലെയും യുവാക്കൾക്കു ഉണ്ടെന്നാണ് പോലീസിന്റെയും ആരോഗ്യവകുപ്പിന്റയും അനുമാനം.
രോഗികളുടെ പൂർണ സന്പർക്ക വിവരം ലഭിച്ചാലേ ആരോഗ്യവകുപ്പിനു പ്രതിരോധ നടപടികൾ കാര്യക്ഷമമായി നടത്താനാകൂ. ചീരാലിലെയും കമ്മനയിലെയും യുവാക്കൾക്കു പുറമേ രോഗികളിൽ മറ്റുചിലരും സന്പർക്ക വിവരം മറച്ചുവയ്ക്കുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചു അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് സൂചന.
രോഗികളുമായി നേരിട്ടും അല്ലാതെയും സന്പർക്കമുണ്ടായവരെ ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിവരികയാണ്. രോഗികളിൽ ചിലരുടെ പ്രാഥമിക സന്പർക്കപ്പട്ടികതന്നെ വലുതാണ്.തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 36കാരന്റെ ഒന്നാം സന്പർക്കപ്പട്ടികയിൽ 78 പേരുണ്ട്.
പ്രദേശത്തെ ആദിവാസികളും പൊതുവിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ 600ലേറെ ആളുകൾ ആരോഗ്യവകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. പനവല്ലിയിലെ കൊല്ലി, സർവാണി, കുണ്ടറ കോളനികളിൽനിന്നു പുറത്തേക്കും തിരിച്ചുമുള്ള യാത്രകൾ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.
കോളനികളിലെ 65 വയസിന് മുകളിലുള്ളവർ, കിടപ്പിലായ രോഗികൾ, 10 വയസിന് താഴെയുള്ളവർ, സിക്കിൾ സെൽ രോഗികൾ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരെ ഹൈ റിസ്ക് ഗ്രൂപ്പുകളായി തിരിച്ചാണ് നിരീക്ഷണം നടത്തുന്നത്.