മലപ്പുറം: ഇതര സംസ്ഥാനങ്ങൾ, രോഗ ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നു മലപ്പുറം ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.
ചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കാതെ കഴിയുന്നവർ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം കോവിഡ് -19 സ്ഥിരീകരിച്ച എടപ്പാൾ കാലടി സ്വദേശി യഥാർഥ യാത്രാവിവരങ്ങൾ ആരോഗ്യ പ്രവർത്തകരിൽ നിന്നു മറച്ചുവച്ചതായി കണ്ടെത്തി. ഇതു അംഗീകരിക്കാനാകില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.
യാത്രാ വിവരങ്ങൾ പൂർണമായും കൈമാറാതിരുന്ന കോവിഡ് ബാധിതനെതിരേ പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമും അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയിൽ ഇളനീർ വിൽപ്പന കേന്ദ്രത്തിലെ തൊഴിലാളിയായ മുപ്പത്തിയെട്ടുകാരൻ ഏപ്രിൽ 11 ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്.
കൽപ്പറ്റ വഴി ഏപ്രിൽ 15 ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട്ടെത്തി. കോഴിക്കോട് നിന്നു അരി ലോറിയിൽ യാത്ര ചെയ്ത് വൈകുന്നേരം ആറിന് രാമനാട്ടുകരയിലെത്തി.
അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നു. രാത്രി 8.30 ന് ചേളാരിയിൽ നിന്നു ഇയാൾക്ക് ഒപ്പമെത്തിയ മാറഞ്ചേരി സ്വദേശിക്കും മറ്റു രണ്ട് പേർക്കുമൊപ്പം ഓട്ടോറിക്ഷയിൽ ചമ്രവട്ടം പാലത്തിനടുത്തെത്തി അവിടെ നിന്നാണ് മറ്റൊരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്.
കോഴിക്കോട് നിന്നു യാത്ര ചെയ്തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചത്.ഇയാളുമായി ഏതെങ്കിലും വിധത്തിൽ സന്പർക്കത്തിലേർപ്പെട്ടവർ നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് കളക്ടർ അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതെ ജില്ലാ കണ്ട്രോൾ സെല്ലിൽ വിളിച്ചു ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണം. കണ്ട്രോൾ സെൽ നന്പറുകൾ – 0483 273 7858, 273 7857, 273 3251, 273 3252, 273 3253.