സീമ മോഹന്‍ലാല്‍
കൊച്ചി: ജോലിഭാരം മൂലം വിഷമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഇന്നലെ ഇറങ്ങിയത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാന്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കണമെന്ന വാര്‍ത്ത കഴിഞ്ഞ ഏഴിന് രാഷ്ട്രദീപിക ‘മരുന്നിനും പോലീസ്; സേനയില്‍ അമര്‍ഷം’ എന്ന തലക്കെട്ടോടെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ജില്ല യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി ജില്ല കളക്ടര്‍മാരുടെ കീഴില്‍ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം പേരാണ് ഇപ്പോള്‍ ജോലിക്ക് ഹാജരാകുന്നത്. കോവിഡ് രോഗികളുടെ സമ്പര്ക്കവിവര ശേഖരണം, കണ്ടെയ്ന്മെന്റ് സോണിലെ പരിശോധന ഉള്‍പ്പെടെയുളള ജോലികള്‍ക്ക് പോലീസുകാരെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിലെ മറ്റു ജീവനക്കാരെ നിയോഗിക്കണമെന്നായിരുന്നു പോലീസുകാരുടെ ആവശ്യം.
ടെലി മെഡിസിന്റെ ഭാഗമായി കോവിഡ് രോഗികള്‍ക്ക് പോലീസുകാര്‍ മരുന്നുകള്‍ എത്തിച്ചുനല്‍കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം കൂടുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.