കൊട്ടാരക്കര: ദിവസങ്ങൾക്കു മുൻപ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിഐ.ഉൾപ്പെടെ 12 പോലീസുകാർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പു നിർദേശിച്ചു.
തൃക്കണ്ണാ മംഗലിൽ വീടുകയറി ആക്രമണം നടത്തിയ കേസിലുൾപ്പെട്ട പ്രതികളിലൊരാൾക്കാണ് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കപ്പെട്ടത്. പ്രതിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
സ്റ്റേഷനിലും പോലീസ് വാഹനങ്ങളിലും അണു നശീകരണം നടത്തി. സ്റ്റേഷൻ പ്രവർത്തനത്തിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു.
മൽസ്യ വ്യാപാരവുമായി ബന്ധപ്പെട്ടവർക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. മുസ്ലീം സ്ട്രീറ്റ്, പള്ളിക്കൽ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത ഏർപ്പെടുത്തി. പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. പരാതികൾ സ്റ്റേഷനു പുറത്ത് സ്വീകരിക്കും.