കോട്ടയം: സഹോദരനു കോവിഡ് ബാധിച്ച കാര്യം മറച്ചുവച്ച് കോട്ടയം എആർ ക്യാന്പിൽ പോലീസുകാരൻ ജോലിക്കെത്തിയ സംഭവത്തിൽ ഒരു വിഭാഗം പോലീസുകാർ ചേർന്ന് അധികൃതർക്ക് പരാതി നല്കും.
ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള പോലീസുകാരനാണ് എആർ ക്യാന്പിൽ ജോലിക്ക് എത്തിയതും കേസന്വേഷണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോയതും. ഇയാളുടെ സഹോദരൻ കഴിഞ്ഞ 28നാണ് മുംബൈയിൽനിന്നും നാട്ടിലെത്തിയത്. സഹോദരനെ കൊണ്ടുവരാൻ ബന്ധുവിനൊപ്പം ഇയാളും പോയിരുന്നു.
സഹോദരനും ബന്ധുവും ക്വാറന്റൈനിൽ കഴിഞ്ഞെങ്കിലും പോലീസുകാരൻ ജോലിക്കെത്തി. കഴിഞ്ഞ ഞായറാഴ്ച സഹോദരന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ പോലീസുകാരനോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചെങ്കിലും ഇയാൾ നിർദേശം പാലിച്ചില്ല.
ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ജില്ലാ കളക്ടർക്കു കൈമാറിയതോടെ മുതിർന്ന പോലീസുകാരുടെ നിരന്തരമായ ചോദ്യങ്ങളും നാട്ടിൽനിന്നുള്ള കോവിഡ് വാർത്തകളും അറിഞ്ഞതിനെത്തുടർന്ന് സഹപ്രവർത്തകരുടെ സംശയങ്ങളെത്തുടർന്നും ഇയാൾ സഹോദരനെ കൊണ്ടുവരാൻ പോയെന്നും സന്പർക്കത്തിൽ ഏർപ്പെട്ടെന്നും സമ്മതിച്ചു.
തുടർന്ന് ഇയാൾ ക്വാറന്റൈനിൽ പോയി. ഇതോടെ ക്യാന്പ് കുറച്ചു ദിവസത്തേക്ക് താത്കാലികമായി അടച്ചു. ഇപ്പോൾ ഭാഗികമായിട്ടാണു ക്യാന്പ് പ്രവർത്തിക്കുന്നത്. സമൂഹ വ്യാപനം ഉണ്ടാക്കുന്ന രീതിയിൽ പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ നിരുത്തരവാദിത്വപരമായ നടപടിക്കെതിരെയാണ് പരാതി നല്കുന്നത്.