റെനീഷ് മാത്യു
കണ്ണൂർ: വയനാട് മാനന്തവാടിയിൽ രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടി സമയത്ത് പോലീസുകാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം. മലപ്പുറം, കണ്ണൂർ ജില്ലക്കാരായ പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
പോലീസുകാർ പുറത്തുള്ള ഡ്യൂട്ടി സമയത്തും സ്റ്റേഷനകത്തും മാസ്ക് ധരിക്കണം. കൂടാതെ പരാതിയുമായോ പ്രശ്ന പരിഹാരത്തിനായോ സ്റ്റേഷനിൽ എത്തുന്നവരുമായി കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. പോലീസ് സ്റ്റേഷനുകളിൽ ആൾക്കൂട്ടം ഉണ്ടാകാതെ നോക്കണമെന്നും നിർദേശം ഉണ്ട്.
അന്തർജില്ലാ പാസുകൾക്കായും പിടിച്ചെടുത്ത വാഹനങ്ങൾ തിരികെ വാങ്ങുന്നതിനായും നിരവധി പേരാണ് പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇത് വലിയ ആൾക്കൂട്ടമാണ് സ്റ്റേഷൻ പരിസരത്ത് സൃഷ്ടിക്കുന്നത്. പാസിനുള്ള അപേക്ഷ ഓൺലൈൻ വഴി ആക്കണമെന്ന് പോലീസുകാരിൽ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് പ്രത്യേകമായ മാർഗനിർദേശങ്ങൾ തയാറാക്കണം. പരാതി പറയാൻ പരാതിക്കാരനെ മാത്രം സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് പോലീസ് നിലപാട്.