കെ.എ. അബ്ബാസ്
പൊൻകുന്നം: കോവിഡ് കാലത്ത് ചെയ്ത സേവനത്തിനു രതീഷ് കുമാർ നക്ഷത്രയ്ക്ക് നിസ്വാർഥ സേവന പ്രവർത്തനങ്ങൾക്കുള്ള സോഷ്യൽ ജസ്റ്റിസ് ഫോറത്തിന്റെ ആദരവ്. ഉരുളികുന്നം കല്ലൂക്കുന്നേൽ രതീഷ് കുമാർ (38) ആണ് ആദരവ് ലഭിച്ചത്.
അയൽവാസിയും സമപ്രായക്കാരനും വികലാംഗനുമായ വ്യക്തിക്ക് സ്വന്തം സ്ഥാപനത്തിൽ അയാൾക്ക് ചെയ്യാനാവുന്ന തൊഴിലിന് ഇരിപ്പിടം നല്കിക്കൊണ്ടായിരുന്നു രതീഷിന്റെസാമൂഹ്യ പ്രതിബദ്ധയുടെ തുടക്കം.
കോവിഡ് മഹാമാരി കാലത്ത് ഇരുനൂറിലേറെ രോഗികളെ തന്റെ സ്വന്തം വാഹനത്തിൽ തികച്ചും സൗജന്യമായി ജില്ലയിലെ വിവിധ ആശുപത്രികളിലെത്തിക്കുകയും രോഗം ഭേദമായശേഷം അവരെ തിരികെ വീടുകളിലെത്തിക്കുകയും ചെയ്തു.
ബന്ധു കോവിഡ് ബാധിച്ചു മരിച്ചതോടെ രതീഷ് കുമാർ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ചിരുന്നു. ഇതാണ് രതീഷ് കുമാറിന് കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങാൻ പ്രേരണയായത്.
തന്റെ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനം തേടിയലഞ്ഞ രതീഷ് കുമാറിന്റെ ബുദ്ധിമുട്ടാണ് പിന്നീട് ഇരുനൂറിലേറെ കോവിഡ് രോഗികളുടെ യാത്ര സുഗമമാക്കിയത്. ഭാര്യ രഞ്ജിനിയും ഏകമകൻ ദേവസൂര്യനും രതീഷിന് എല്ലാവിധ പിന്തുണയും നല്കുന്നുമുണ്ട്.
ഒന്പതിനു കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയിൽനിന്ന് രതീഷ് കുമാർ ആദരവ് ഏറ്റുവാങ്ങും.