കണ്ണൂര്‍: തടവുചാടിയ പ്രതിക്ക് കോവിഡ് പോസിറ്റീവ്. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ റിമാന്‍ഡിലിരിക്കെ കഴിഞ്ഞ ജൂണില്‍ തടവുചാടിയ ശേഷം ദിവസങ്ങള്‍ക്കുമുമ്പ് പിടിയിലായ കാസര്‍ഗോഡ് കൂളിക്കുന്ന് സ്വദേശി മാങ്ങാട്ടുവീട്ടില് റംസാന് സൈനുദ്ദീനാണ് (22) കോവിഡ് പോസിറ്റീവ് ഇന്നലെ സ്ഥിരീകരിച്ചത്.
തുടര്‍ന്ന് കാസര്‍ഗോഡ് സിഐ ഉള്‍പ്പെടെ പത്തു പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തോട്ടടയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ജൂണിൽ തടവുചാടിയ പ്രതിയെ കാസർഗോഡ് പോലീസാണ് പിടികൂടിയത്. തുടർന്ന് ഇയാളെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച റംസാൻ ഇവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയും ചെയ്തു. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം വന്നത്. ഇതോടെ കണ്ണൂരിലുള്ള പോലീസുകാരും ആശങ്കയിലാണ്. വളപട്ടണത്ത് മിനിലോറി കവര്‍ച്ചചെയ്ത കേസില്‍ വളപട്ടണം പോലീസാണ് റംസാനെ അറസ്റ്റ് ചെയ്തത്.
കോവിഡ് കാലമായതിനെ തുടര്‍ന്ന് റിമാന്‍ഡിലായ റംസാനെ തോട്ടട പോളിടെക്നിക് ഹോസ്റ്റലിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെ കഴിയുന്നതിനിടെ ജൂണ്‍ മാസത്തിലാണ് മറ്റൊരു കേസിലെ പ്രതിയും ആറളംഫാം സ്വദേശിയുമായ മണിക്കുട്ടനൊപ്പം റംസാന് ചാടിപ്പോയത്.
മണിക്കുട്ടന് പിറ്റേന്നുതന്നെ പോലീസ് പിടിയിലായെങ്കിലും റംസാനെ പിടികൂടാനായില്ല. അന്വേഷണങ്ങൾക്കൊടുവിൽ കഴിഞ്ഞാഴ്ചയാണ് ഇയാളെ കാസര്‍ഗോഡു വച്ച് പോലീസ് പിടികൂടിയത്. ഇയാളെ പിന്നീട് എടക്കാട് പോലീസിന് കൈമാറുകയായിരുന്നു.
തുടർന്ന് കോവിഡ് നിരീക്ഷണത്തിനായി അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയ ഇയാള്‍ ഇന്നലെ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലടക്കം നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയാണ് റംസാൻ.