കൽപ്പറ്റ: വയനാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നാലു വനിതകൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. സാജിത എന്നിവരാണ് കൊറോണ വൈറസുമായി ജില്ലയിൽ പടയടിക്കുന്ന വനിതകളിൽ പ്രമുഖർ.
വിശ്രമം പേരിനുമാത്രമാക്കിയാണ് നാലുപേരുടെയും പ്രവർത്തനം. ഇതിന്റെ ഗുണം ജില്ലയിൽ പ്രകടവുമാണ്. രാജ്യത്തു മാർച്ച് 30നുശേഷം ഒരു കോവിഡ് പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ഒന്നാണ് വയനാട്.
ജില്ലയിൽ ഇതിനകം കോവിഡ് സ്ഥിരീകരിച്ച മൂന്നു പ്രവാസികളും സുഖംപ്രാപിച്ചു. നിലവിൽ 900ൽ താഴെ ആളുകളാണ് കോവിഡ് നിരീക്ഷണത്തിലുള്ളത്.
ഗോത്രമേഖലയിലേതടക്കം ജീവിതസാഹചര്യങ്ങളും കാലാവസ്ഥയും ജില്ലയിൽ കോവിഡ് വ്യാപനത്തിന് അനുകൂലമായേക്കുമെന്ന ഭീതിയിലായിരുന്നു ജനം. എന്നാൽ ജില്ലാ ഭരണകൂടം ചിട്ടയോടെ നടത്തിയതും തുടരുന്നതുമായ പ്രവർത്തനം കൊറോണ സമൂഹവ്യാപനഭീതി ഒരളവോളം അകറ്റി.
ഇതിന്റെ ചാരിതാർഥ്യത്തിലാണ് നാലു വനിതകളും. പരാതികൾക്കിടനൽകാതെയാണ് നാലുപേരും സേവനരംഗത്തു നിലയുറപ്പിച്ചത്. ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ, സന്നദ്ധ-ജീവകാരുണ്യ പ്രവർത്തകർ, മത-സാമൂഹിക-സാമുദായിക സംഘടനാ സാരഥികൾ എന്നിവരുടെ പ്രവർത്തനം കോവിഡുമായുള്ള പോരാട്ടം വിജയകരമായി ഏകോപിപ്പിക്കാൻ ഈ വനിതകൾക്കായി.
ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. അജീഷ്, മുഹമ്മദ് യൂസുഫ്, ദേശീയ ആരോഗ്യമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി. അഭിലാഷ്, ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് തുടങ്ങിയവരുടെ പിന്തുണ വനിതകൾക്കു കരുത്തായി.
കോവിഡിനെ വരുതിയിൽ നിർത്താൻ ഫയർ ആൻഡ് റസ്ക്യൂ, വനം, എക്സൈസ് വിഭാഗങ്ങളുടെ കൈമെയ് മറന്നുള്ള സേവനവും സഹായകമായി.
ജില്ലാ അതിർത്തികളിൽ അധ്യാപകരെയടക്കം വിന്യസിച്ചു നടത്തിയ പരിശോധന, തെരുവിൽ കഴിയുന്നവരെയടക്കം പട്ടിണിയിൽനിന്നു രക്ഷിക്കാൻ ആരംഭിച്ച സാമൂഹിക അടുക്കളകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനു നടപ്പിലാക്കിയ പരിപാടികൾ, ഡൊണേറ്റ് എ ഡ്രഗ് പ്രചാരണം, വിവിധ ഭാഷകളിൽ തയാറാക്കിയ ലഘുലേഖകളുടെ വിതരണം,
ആദിവാസി ഊരുകളിലും തോട്ടം തൊഴിലാളി മേഖലകളിലും സംഘടിപ്പിച്ച ബോധവത്കരണം തുടങ്ങി കോവിഡ് പ്രതിരോധം ജില്ലയിൽ വിജയകരമായി നടത്തുന്നതിൽ നാലുവനിതകളും വഹിക്കുന്ന പങ്ക് വലുതാണെന്നു കരുതുന്നവരാണ് വയനാട്ടുകാരിൽ അധികവും.