കണ്ണൂർ: അബുദാബിയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ വന്നിറങ്ങിയ നാല് കണ്ണൂർക്കാരായ പ്രവാസികളെ നിരീക്ഷണത്തിലാക്കി. കണ്ണൂർ നഗരത്തിലെ ഒണ്ടേൻ റോഡിലുള്ള സ്വകാര്യ ഹോട്ടലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ഏഴു ദിവസത്തെ നിരീക്ഷണത്തിനു ശേഷം പരിശോധനയിൽ രോഗലക്ഷണമൊന്നും ഇല്ലെങ്കിൽ വീടുകളിലേക്ക് അയക്കും. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ കൂടുതൽ പ്രവാസികളുമായി ചൊവ്വാഴ്ച കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങും.
ദുബായിൽ നിന്ന് ഏയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ ആദ്യമായി എത്തുമ്പോൾ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുവാൻ ജില്ലയിൽ 15000 പേർക്ക് താമസിക്കാനുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുണ്ട്.
ആശുപത്രികൾ, ലോഡ്ജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആൾപ്പാർപ്പില്ലാത്ത വീടുകൾ, ഓഡിറ്റോറിയങ്ങൾ, കല്ല്യാണമണ്ഡപങ്ങൾ എന്നിവയാണ് താമസത്തിനായി കണ്ടെത്തിയിട്ടുള്ളത്. അടിസ്ഥാന സൗകര്യമുള്ള കെട്ടിടങ്ങളിലാണ് പ്രവാസികളെ ക്വാറന്റൈനിലാക്കുക.