കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ മടക്കികൊണ്ടു വരുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വിമാനങ്ങൾ വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കും.
ആദ്യ ആഴ്ചയിൽ 13 രാജ്യങ്ങളിലെ പ്രവാസികളെയാണ് ഇന്ത്യയിൽ എത്തിക്കുക. ഇതിനായി 64 വിമാന സർവീസുകളാണ് തയാറാക്കിയിരിക്കുന്നത്.
ഒരാഴ്ചയിൽ 14,850 പ്രവാസികളെ രാജ്യത്ത് മടക്കിക്കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ അമേരിക്കയിലേക്ക് ആറും ബ്രിട്ടനിലേക്ക് ഏഴും വിമാനങ്ങൾ അയക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ആദ്യ ആഴ്ചയിൽ കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ഒന്‍പതു നഗരങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് ആദ്യ ആഴ്ചയിലെത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈത്ത്, മസ്കറ്റ്, ജിദ്ദ, ക്വാലാലംപുർ നഗരങ്ങളിൽനിന്നുള്ളവരെയാണ് കൊണ്ടുവരിക.
വ്യാഴാഴ്ച അബുദാബിയിൽനിന്നുള്ള വിമാനവും റിയാദ്, ദോഹ വിമാനങ്ങളുമാണ് ആദ്യം കൊച്ചിയിലെത്തുക. ദുബായിൽനിന്നും കോഴിക്കോട്ടേക്കും വിമാനം എത്തുമെന്നും അധികൃതർ അറിയിച്ചു. ആദ്യ ദിവസം കേരളത്തിലെത്തുക 800 പ്രവാസികളെന്നാണ് ഔദ്യോഗിക വിവരം. ഒരാഴ്ചയിൽ കേരളത്തിലെത്തുക 2650 പ്രവാസികൾ.