കോട്ടയം: കോവിഡ് മഹാമാരിമൂലം നാട്ടിലെത്താനാകാതെ പ്രവാസികൾ. ഈസ്റ്റർ, വിഷു ഉൾപ്പെടെ ചടങ്ങുകളിൽ പങ്കെടുക്കാനും ഉറ്റവരെ നേരിൽ കാണാനുമാകാതെ അന്യനാടുകളിൽ കഴിയുന്നവർ ഏറെപ്പേരാണ്.
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് ആന്ധ്രപ്രദേശ് എന്നിവിടങ്ങിൽ കോവിഡിന്റെ രണ്ടാം വരവോടെ മലയാളികൾ നാട്ടിലേക്കുള്ള അവധി വരവ് ഉപേക്ഷിക്കുകയാണ്. മുൻ വർഷങ്ങളെക്കാൾ ഇക്കൊല്ലം ട്രെയിനുകളിൽ റിസർവേഷൻ തിരക്കു കുറവുമാണ്. വിമാനയാത്രയും സുരക്ഷിതമല്ലെന്ന ഭീതിയാണ്.
നാട്ടിലെത്തിയാൽ ക്വാറന്റൈനും രോഗവ്യാപന ഭീതിയും മൂലം ഏറെപ്പേരും യാത്ര ഒഴിവാക്കി. ഗൾഫിൽനിന്നുള്ള പ്രവാസികളുടെ വരവും ഇല്ലാതായി. അമേരിക്കയിലും യൂറോപ്പിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലും കഴിയുന്ന ഒട്ടേറെ കുടുംബങ്ങൾ നാടും വീടും കണ്ടിട്ട് രണ്ടു വർഷത്തോളമായി.
യൂറോപ്പിനു പുറമേ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കോവിഡ് വർധിച്ചതോടെ വിമാന സർവീസ് കുറഞ്ഞു. ഇംഗ്ളണ്ട്, അയർലൻഡ്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും നിയന്ത്രണം കർക്കശമായതോടെ ഇക്കൊല്ലവും നാട്ടിൽ വരാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്.
കൂടുതൽ തീവ്രമായ കോവിഡ് വൈറസുകൾ വരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങൾ പ്രവാസികളുടെ പോക്കിലും വരവിലും നിയന്ത്രണം കർക്കശമാക്കുമെന്നാണ് സൂചന.