കെ. ഷിന്റുലാല്‍
കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടോയെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഈടാക്കുന്ന നിരക്കുകള്‍ ആശുപത്രി വെബ്സൈറ്റുകളിലും ആശുപത്രിയിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം.
ഇക്കാര്യം പൂര്‍ണമായും നടപ്പാക്കുന്നുണ്ടോയെന്നും ഇന്റലിജന്‍സ് പരിശോധിക്കും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവിയ്ക്ക് കൈമാറും. തുടര്‍ന്ന് സര്‍ക്കാറിലേക്കും കൈമാറും.
നിരക്കുകൾ പരിശോധനയ്ക്ക്
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ , കോഴിക്കോട് റേഞ്ചുകളിലെ എസ്പിമാരുടെ മേല്‍നോട്ടത്തില്‍ 17 ഡിറ്റാച്ച്മെന്റുകളിലുള്ള ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് ഈടാക്കുന്ന നിരക്കുകളെ കുറിച്ച് അന്വേഷിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ റേഞ്ചിന് കീഴിലുമുള്ള കോവിഡ് ആശുപത്രികളുടെ പട്ടിക തയാറാക്കി.
ഈ ആശുപത്രികളില്‍ എത്ര കോവിഡ് രോഗികള്‍ ചികിത്സിക്കുന്നുണ്ടെന്നും ഓരോ രോഗിയില്‍ നിന്നും ഈടാക്കുന്ന തുക സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം . രോഗിയും അവരുടെ കൂട്ടിരിപ്പുകാരും നല്കുന്ന വിവരത്തിന് പുറമേ ആശുപത്രി നിരക്ക് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഫീല്‍ഡ് ഓഫീസര്‍മാരും അന്വേഷിക്കും.
നേരത്തെ ആശുപത്രികളില്‍ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങിയ രോഗികളില്‍ നിന്നും ആവശ്യമെങ്കില്‍ വിവരം ശേഖരിക്കാനാണ് തീരുമാനം. ഇന്ന് മുതല്‍ അന്വേഷണം ആരംഭിച്ചതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.
ജനറല്‍ വാര്‍ഡില്‍ ഒരു ദിവസത്തേക്ക് 2645 രൂപയേ ഈടാക്കാവൂ എന്നതുള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഹൈകോടതി നിര്‍ദേശാനുസരണമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ നിരക്കിനേക്കാള്‍ അധികമായി ഏതെങ്കിലും ആശുപത്രികള്‍ ഈടാക്കുന്നുണ്ടോയെന്നാണ് ഇന്റലിജന്‍സ് പരിശോധിക്കുന്നത്.
രോഗികള്‍ പരാതി നല്കിയാല് മാത്രമേ ഇതുസംബന്ധിച്ച് പുറത്തറിയുകയുള്ളൂ. എന്നാല്‍ പരാതി ലഭിക്കാതെ തന്നെ സ്വന്തം നിലയില്‍ അന്വേഷിക്കാനാണ് ഇന്റലിജന്‍സിന് ലഭിച്ച നിര്‍ദേശം.
രോഗികളെ പ്രവേശിപ്പിച്ചില്ലെങ്കിൽ
എല്ലാ സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടോയെന്നും ഇന്റലിജന്‍സ് അന്വേഷിക്കും. ഇതിനായി ആംബുലന്‍സ് ഡ്രൈവര്മാരുള്പ്പെടെയുള്ളവരില് നിന്നും വിവരങ്ങള്‍ ശേഖരിക്കും.
ഏതെങ്കിലും ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കാത്തത് ശ്രദ്ധയില്‍പെട്ടാല്‍ അതിനുള്ള കാരണം സംബന്ധിച്ചും ഇന്റലിജന്‍സ് അന്വേഷിക്കും. സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രീതിയും പലയിടത്തുമുണ്ടായിരുന്നു.
ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നതിനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നടപടി സ്വീകരിക്കാം.
പത്തിരട്ടി പിഴയാണ് ഈടാക്കാന്‍ നിര്‍ദേശിച്ചത്. ഇതിന് പുറമേ പി.പി.ഇ. കിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍, മ റ്റു അനുബന്ധ വസ്തുക്കള്‍ എന്നിവയ്ക്ക് അമിത തുക ഈടാക്കിയാല്‍ ജില്ലാ കളക്ടറും നടപടി സ്വീകരിക്കും.