അമ്പലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ മറവിൽ കോവിഡ് പ്രതിരോധ ഉത്പ്പന്നങ്ങൾക്ക് വില വർധിപ്പിക്കുന്നതായി പരാതി. ഉത്പ്പന്നങ്ങൾക്ക് ലഭ്യതക്കുറവെന്ന് വരുത്തി തീർത്താണ് വിതരണക്കാർ വില കൂട്ടുന്നത്.
സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ്, ഗ്ലൗസ് തുടങ്ങിയവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ വില വർധിപ്പിച്ചത്. നിർമ്മാണ കമ്പനി വില കൂട്ടിയതാണ് വിപണിയിൽ ഇവയ്ക്ക് വിലകൂടാൻ കാരണമെന്നാണ് വിതരണക്കാർ പറയുന്നത്.
കോവിഡിന്റെ തുടക്കത്തിൽ 100 മില്ലി സാനിറ്റൈസറിന് 75 മുതൽ 100 രൂപ വരെ വാങ്ങിയിരുന്നു. പിന്നീടത് 50 രൂപയിലെത്തി. എന്നാൽ കഴിഞ്ഞ ദിവസം അത് 70രൂപയായി ഉയർന്നു.
സർജിക്കൽ മാസ്ക് 20 മുതൽ 30 രൂപ വരെ വാങ്ങിയിരുന്നത് അഞ്ചു രൂപയായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 10 രൂപയായി ഉയർന്നു. രൂപഭംഗി വരുത്തി 60 രൂപവരെ ചില മാസ്ക്കുകൾക്ക് വില ഈടാക്കുന്നുണ്ട്.
പി പി ഇ കിറ്റുകൾക്ക് 25 മുതൽ 50 രൂപവരെ വില വർധിപ്പിച്ചിട്ടുണ്ട്.കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി മാസ്ക്കും സാനിറ്റൈസറും നിർബന്ധമാക്കിയതോടെയാണ് ഉത്പ്പന്നങ്ങൾക്ക് വില കൂട്ടിയത്.
അടുത്ത ദിവസങ്ങളിൽ ഇനിയും വില ഉയരുമെന്നാണ് മൊത്തവിൽപ്പനക്കാർ പറയുന്നത്. എന്നാൽ ഈ വില വർധനയ്ക്കെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല എന്നാണ് പരാതി.