മുക്കം: വൈകുന്നേരം കടയടക്കുന്ന സമയം ഒരു മിനുട്ട് വൈകിയാൽ, അല്ലങ്കിൽ റോഡരികിലെ വീട്ടിൽ നിന്ന് ഫോൺ ചെയ്ത് റോഡിലേക്കൊന്നിറങ്ങിയാൽ, അതുമല്ലങ്കിൽ മാസ്ക് ചെറുതായൊന്ന് താഴ്ന്ന് പോയാൽ അപ്പോ ഓടിയെത്തും സെക്ടറൽ മജിസ്ട്രേറ്റും അല്ലങ്കിൽ പോലീസും.
പിന്നെ ഏറ്റവും വലിയ പിഴ ചുമത്തും. ഈ ലോക് ഡൗൺ കാലത്ത് ഇത്തരത്തിൽ നിരവധി പേർക്കാണ് അധികൃതർ പിഴയിട്ടത്. ഉള്ള ജോലിക്ക് പോലും പോവാനാവാതെ വീട്ടിൽ കഴിയുന്നവരും വ്യാപാരികളും ഉൾപ്പെടെ നിരവധി പേരിപ്പോൾ പിഴയടക്കാനായി കടം വാങ്ങുകയാണ്. ഇതെല്ലാം സാധാരണക്കാർക്ക് മാത്രമാണന്നതാണ് സത്യം.
എംഎൽഎ മാർക്കോ, പഞ്ചായത്ത് പ്രസിഡന്റുമാർക്കോ സമൂഹത്തിൽ ഉന്നതരെന്ന് സ്വയം നടിക്കുന്നവർക്കോ ഇതൊന്നും ബാധകമല്ല താനും. ഇതിന് എത്രയോ ഉദാഹരണങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി മലയോര മേഖലയിൽ മാത്രം കാണാനായത്.
തോട്ടുമുക്കം പനം പിലാവ് റോഡ് ഉദ്ഘാടനത്തിന് എംഎൽഎ യോടൊപ്പം പങ്കെടുത്തത് 20 ഓളം പേരാണ്. നാട മുറിക്കുന്ന സമയത്ത് പേരിന് അൽപ്പം അകലം പാലിച്ച് നിന്നിട്ടുണ്ടങ്കിലും കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. നാട മുറി കഴിഞ്ഞ് കർട്ടൻ നീക്കുന്ന ചടങ്ങിലെത്തിയപ്പോഴേക്കും സാമൂഹിക അകലം പാടെ കുറഞ്ഞു.
പരിപാടിയിൽ എംഎൽഎക്കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുൻ എംഎൽഎ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരൊക്കെ പങ്കെടുത്തങ്കിലും ഒരു പോലീസും സെക്ടറൽ മജിസ്ട്രേറ്റും കണ്ട മട്ടുമില്ല.സംഭവത്തിൽ കേസുമില്ല.
കഴിഞ്ഞ ആഴ്ച നടന്ന കൊടിയത്തൂർ ഇരട്ടകുളം നവീകരിച്ചതിന്റെ ഉദ്ഘാടനത്തിലും പങ്കെടുത്തത് നിരവധി പേർ. യാതൊരു മാനദണ്ഡവും പാലിക്കാതെ മാസ്ക് പോലും ശരിയായി ധരിക്കാതെ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്തു എങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല.
ചെറുവാടി സിഎച്ച്സി യിലെ ജനറേറ്റർ സമർപ്പണത്തിനും യാതൊരു മാറ്റവുമില്ല. കർട്ടൺ നീക്കുന്ന ചടങ്ങായപ്പോഴേക്കും എല്ലാവരും തിക്കിതിരക്കി തന്നെ നിന്നു.
ആരോഗ്യ പ്രവർത്തകരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അടക്കം പങ്കെടുത്ത ഒരു ആശുപത്രിയിൽ നടന്ന പരിപാടിയിലാണ് ഇതെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ദിവസം ചെറുവാടി ചുള്ളിക്കാ പറമ്പിൽ നടന്ന ബസ് റ്റോപ്പ് ഉദ്ഘാടനവും ഏറെ വിവാദമായിരുന്നു.
30 ലധികം ആളുകൾ നാട മുറിക്കുമ്പോൾ മാത്രം തിക്കിതിരക്കി നിന്ന ഈ പരിപാടിയിൽ പക്ഷെ പോലീസ് കേസെടുത്തത് 16 പേർക്കെതിരെ മാത്രം.