കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനു പിഴയായി പൊതുജനം പോലീസിനു നല്‍കിയത് 85.91 കോടി രൂപ. കഴിഞ്ഞ 13 മാസത്തിനിടെ ഏറ്റവുമധികം പിഴ ഈടാക്കിയത് എറണാകുളം ജില്ലയില്‍നിന്നാണെന്നും സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരമാണു തൊട്ടുപിന്നില്‍.
വിവരാവകാശ നിയമപ്രകാരം സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകളിലാണ് 2020 ജൂലൈ 16 മുതല്‍ 2021 ഓഗസ്റ്റ് 14 വരെയുള്ള നിയമലംഘനത്തിന്റെ പിഴയീടാക്കിയതു സംബന്ധിച്ച വിവരങ്ങളുള്ളത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയ കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള നാലു മാസം മാത്രം 48.82 കോടി രൂപ നിയമലംഘനത്തിനു പിഴയീടാക്കി.
ഈ ഘട്ടത്തിലാണു കോവിഡിന്റെ പേരിലുള്ള പോലീസ് നടപടികള്‍ക്കെതിരേ പ്രതിപക്ഷവും വ്യാപാരികളും പരസ്യമായി രംഗത്തെത്തിയത്. 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതു മാസം പിഴയിനത്തില്‍ പോലീസിനു ലഭിച്ചത് 37.09 കോടിയാണ്.
എറണാകുളം സിറ്റി, റൂറല്‍ മേഖലകളില്‍നിന്നു 13 മാസംകൊണ്ടു പോലീസ് പിഴയീടാക്കിയത് 11.57 കോടി രൂപയാണ്. കൊച്ചി നഗരത്തില്‍നിന്നു മാത്രം 4.83 കോടി പിരിച്ചപ്പോള്‍ റൂറല്‍ പോലീസ് 6.75 കോടിയാണു പിഴയിനത്തില്‍ സമാഹരിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് 3.92 കോടിയും റൂറല്‍ പോലീസ് 6.98 കോടിയും ഈടാക്കി. ആകെ 10.89 കോടി രൂപ. കൊല്ലത്ത് ഒമ്പതു കോടിയാണ് പിഴയിനത്തില്‍ കിട്ടിയത്.
തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഏഴു കോടിയിലധികമാണു പിഴത്തുക. 2.38 കോടി പിരിച്ച ഇടുക്കി ജില്ലയാണു പിഴ ഈടാക്കിയതില്‍ പിന്നിലുള്ളത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനു കൂടുതല്‍ പിഴയീടാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇന്‍സെന്റീവ് നല്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇക്കാര്യം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണു പോലീസ് ആസ്ഥാനത്തെ സ്പെഷല്‍ ടീം ഡിവൈഎസ്പി വി.കെ. അജിത് മോഹന്‍ പ്രതികരിച്ചത്.
ഇതു നിയമലംഘനങ്ങള്‍ക്കു പിഴയീടാക്കാന്‍ രേഖാമൂലമല്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍ പോലീസുകാര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം മറച്ചുവയ്ക്കാനാണെന്നു വിവരാവകാശ പ്രവര്ത്തകന് എം.കെ. ഹരിദാസ് ആരോപിച്ചു.
– സിജോ പൈനാടത്ത്