പുനലൂർ: നിസാമുദീനിൽ നിന്നെത്തിയ ദമ്പതികൾക്ക് കോവിഡ് ബാധിച്ചതോടെ കിഴക്കൻ മേഖല ആശങ്കയിൽ. പുനലൂർ വാളക്കോട് സ്വദേശികളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്.
ആദ്യം ഭാര്യയ്ക്കും പിന്നീട് ഭർത്താവിനും രോഗം സ്ഥിരീകരിയ്ക്കുകയുണ്ടായി. ഇതോടെ കിഴക്കൻ മേഖല കടുത്ത ആശങ്കയിലാണ്. നഗരത്തിലിറങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യഘട്ടത്തിൽ കൂടുതൽ ആളുകൾ നഗരത്തിലിറങ്ങിയിരുന്നു.
എന്നാൽ പുനലൂർ വാളക്കോട് ഭാഗത്തുള്ള ദമ്പതികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വളരെ കുറച്ചു പേർ മാത്രമാണ് ഇപ്പോൾ പുനലൂരിലിറങ്ങുന്നത്. സമീപ പ്രദേശത്തുള്ള ഒരു ഗർഭിണിയ്ക്കു കൂടി രോഗം ബാധിച്ചത് ആശങ്ക കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്.
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സ്ത്രീയ്ക്കാണ് കടയ്ക്കൽ മേഖലയിൽ രോഗം ബാധിച്ചിട്ടുളളത്. പുനലൂർ മേഖലയിൽ 2600 ഓളം പേരാണ് ഇപ്പോഴും നിരീക്ഷണത്തിലുള്ളത്.