
കോഴിക്കോട്: കോവിഡ് സമൂഹവ്യാപന സാധ്യതയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും പോലീസിന് ക്വാട്ട നിശ്ചയിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഗ്നിപരീക്ഷ. കോഴിക്കോട് സിറ്റി പരിധിയില്‍ രാത്രിയില്‍ പട്രോളിംഗിനിറങ്ങുന്ന ലോക്കല്‍ പോലീസിന്റെ മൊബൈല്‍ പാര്‍ട്ടിയും കണ്ട്രോള് റൂം സംഘവും ഒരു കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിര്‍ദേശം.
ഇതോടെ രാത്രി നഗരപരിധിയില്‍ നിരീക്ഷണം നടത്തുന്ന പോലീസ് സംഘം സ്ഥിരമായി ഒരിടത്ത് നിലയുറപ്പിക്കുകയും കേസുകള്‍ പിടികൂടുകയും ചെയ്യേണ്ട സ്ഥിതിയാണ്. മോഷ്ടാക്കള്‍ക്കും മയക്കുമരുന്ന് മാഫിയയയ്ക്കും ഇത് ഏറെ സഹായകമാവുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
കോവിഡ് പടരുന്നതിനിടെ ജാഗ്രത പുലര്‍ത്തേണ്ട കാലയളവിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ അതൃപ്തി മറനീക്കി പുറത്തുവന്നു.
തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ സേനാംഗങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിറ്റി പോലീസില്‍ ഇത്തരത്തിലുള്ള യാതൊരു സമീപനവും സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ തുടരുന്നത്. ഈ സമയങ്ങളില്‍ പൊതുജനങ്ങളും വാഹനങ്ങളും അടിയന്തിരഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നാണ് നിയമം.
ഈ സമയ പരിധിയില്‍ വാഹനപരിശോധന കര്‍ശനമാക്കാനാണ് സിറ്റിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ദിവസവും രാത്രിയില്‍ ഒരു കേസെങ്കിലും പട്രോളിംഗ് സംഘം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നുണ്ടോയെന്നത് സംബന്ധിച്ച് അതത് ദിവസം രാത്രിയില്‍ ചുമതലയുള്ള ‘ഓസ്കാര്‍’ (അസി.കമ്മീഷണര്‍, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ) ഉറപ്പുവരുത്തണം.
ഈ വിവരങ്ങള്‍ അടുത്ത ദിവസം അതിരാവിലെ മേലുദ്യോഗസ്ഥരെ അറിയിക്കണം. കേസുകളുടെ എണ്ണം കുറഞ്ഞാല്‍ ഓസ്കര് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനോടായിരിക്കും ഉന്നത പോലീസുദ്യോഗസ്ഥരുടെ ചോദ്യം. അതിനാല്‍ പരമാവധി കേസുകള്‍ പിടികൂടണമെന്ന് ഓസ്കാര്‍ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥനും പോലീസുകാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലത്തും.
ലോക്ക്ഡൗണിന് ശേഷം പൊതുവേ രാത്രിയില്‍ വാഹനങ്ങള്‍ പുറത്തിറങ്ങുന്നത് അപൂര്‍വമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പോലീസുകാരുടെ ചോദ്യം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും പോലീസുകാരുടെ സുരക്ഷിതത്വത്തിനായി ഒരു സിആര്‍വിയില്‍ ഒരു പിപിഇ കിറ്റ് മാത്രമാണ് അനുവദിച്ചതെന്നും ആക്ഷേപമുണ്ട്.
ആരെയെങ്കിലും രക്ഷപ്പെടുത്താനോ മറ്റൊ ഒരു പിപിഇ കിറ്റുള്ളതുകൊണ്ട് കാര്യമില്ല. ഒരു പിപിഇ കിറ്റ്കൂടി ലഭിച്ചാല്‍ മാത്രമേ പ്രയോജനമുള്ളൂ.കോവിഡ് പടര്‍ന്നു പിടിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള പുതിയ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് സേനയിലെ പൊതു അഭിപ്രായം.