തിരുവനന്തപുരം: തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. നിപയും കോവിഡ് 19 വൈറസ് ബാധയുമെല്ലാം നിയന്ത്രിക്കാനായത് ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ പരിശ്രമം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി കെ.കെ ശൈലജയെ നിപ്പ രാജകുമാരിയെന്നും കോവിഡ് റാണിയെന്നും പരിഹസിച്ച സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ഇതിന്റെ ക്രഡിറ്റ് മുഖ്യമന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ അവകാശപ്പെടാവുന്നതല്ല.
കേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ മാതൃകയാണെന്നു കാണിച്ച് 42 അന്താരാഷ്ട്ര ജേർണലുകളിലാണ് സർക്കാർ പരസ്യം നൽകിയത്. പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തിലും സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. പ്രവാസികളോടു കരുണ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിപ്പ രാജകുമാരിക്കുശേഷം കോവിഡ് റാണിയെന്ന പദവിക്ക് വേണ്ടി ആരോഗ്യമന്ത്രി ശ്രമിക്കുന്നുവെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഹാസം. പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് റോളിൽ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.