കോവിഡില്‍ നിന്നു രോഗമുക്തി നേടിയാല്‍ പോലും പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് പഠനങ്ങള്‍. പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയുന്നത് കോവിഡ് രോഗമുക്തരില്‍ മുടികൊഴിച്ചില്‍ വ്യാപകമായി കാണുന്നുവെന്നാണ്.
സര്‍വൈവര്‍ കോര്‍പ് ഫേസ്ബുക്ക് ഗ്രൂപ്പ് 1500ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കോവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്.
മുടിയുടെ വളര്‍ച്ച താല്‍ക്കാലികമായി മുരടിക്കുന്ന അവസ്ഥയാണ് ടെലോജന്‍ എഫ്‌ളുവിയം. എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം പഴയ മട്ടിലെത്തുന്നതോടെ പോയ മുടികള്‍ തിരിച്ചെത്തുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് കഷണ്ടിയാവുമെന്ന് പേടിക്കേണ്ടെന്നും ഇവര്‍ പറയുന്നു.