തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേരളം ഇന്ന് കേന്ദ്രത്തെ അറിയിക്കും. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക. പരിശോധനകൾ കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോർട്ട് തയാറാക്കിയിരുന്നു. ഇന്നലെ ഇന്ന് 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,749 ആയി.
മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും. ആശുപത്രികളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്ക് ധരിക്കണം.
ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവരും മാസ്ക് ധരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരിൽ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് നിർദ്ദേശം.