കോട്ടയം: ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 158 പരിശോധന ഫലങ്ങൾ. ഇന്നലെ ലഭിച്ച 73 സാന്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവായെങ്കിലും റെഡ് സോണിൽനിന്നു ഗ്രീൻ സോണിലേക്കു മാറാൻ കാത്തിരിക്കേണ്ടിവരും.
രോഗം ഭേദമായി വീട്ടിലേക്കു മടങ്ങിയവരുമായി സന്പർക്കമുണ്ടായവരുടേതടക്കം 158 സ്രവ സാംപിളിന്റെ ഫലമാണ് ലഭിക്കാനുള്ളത്. ഇതിൽ 89 എണ്ണം ഇന്നലെ പരിശോധനയ്ക്ക് അയച്ചതാണ്. 21 ദിവസം ആർക്കും രോഗം പിടിപെടാതിരുന്നാൽ മാത്രമേ ഗ്രീൻ സോണിലേക്ക് എത്താനാകൂ.
രണ്ടാംഘട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലുണ്ടായിരുന്ന 17 പേരും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധനാഫലം നെഗറ്റീവായി വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവരിൽ നിന്നുള്ള സന്പർക്കത്തിലൂടെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ജില്ലയ്ക്ക് ആശ്വാസം പകരുന്നതാണ്.
നിരീക്ഷണത്തിനോ ചികിത്സയ്ക്കായിട്ടോ ഇന്നലെ ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്റെ ഹോം ക്വാറന്റയിൻ നിരീഷണം ശക്തമായി തുടരുന്നുണ്ട്.
1780 പേരാണ് ജില്ലയിൽ ഇപ്പോഴും ഹോം ക്വാറന്റയിനിൽ കഴിയുന്നത്. മെഡിക്കൽ സംഘം 235 പേരെയാണ് ഇന്നലെ ഹോം ക്വാറന്റയിനിലേക്കു നിർദേശിച്ചത്. പുതിയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ 79 പേരെ ക്വാറന്റയിനിൽനിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ജില്ലയിൽ ഇതുവരെ 2002 സാംപിളുകളാണ് പരിശോധയ്ക്കു നൽകിയിരിക്കുന്നത്. ഇതിൽ 1818 ഫലങ്ങൾ നെഗറ്റീവാണ്. 26 സാംപിളുകൾ നിരാകരിച്ചു. കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയ ആന്ധ്രയിൽ നിന്നുമെത്തിയ ലോറി ഡ്രൈവറുടെയും സഹായിയുടെയും പരിശോധന ഫലം ഇന്നു ലഭിച്ചേക്കും.