ഉപയോഗിച്ച കോവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായത്.
മേദാനിലെ വിമാനത്താവളത്തിലെ 9,000 യാത്രക്കാരെ ഇത്തരത്തില്‍ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചതായി പോലീസ് വെളിപ്പെടുത്തി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കിമിയ ഫാര്‍മയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മേദാനിലെ കുലാനാമു വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
യാത്രക്കാര്‍ക്ക് യാത്രചെയ്യണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് പരിശോധന വിമാനത്താവളം വാഗ്ദാനം ചെയ്തിരുന്നു.
കിമിയ ഫാര്‍മ നല്‍കിയ ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് വിമാനത്താവള അധികൃതര്‍ ഉപയോഗിച്ചിരുന്നത്. തെറ്റായ പരിശോധനാ ഫലം ലഭിച്ചുവെന്ന് യാത്രക്കാര്‍ തുടര്‍ച്ചയായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു രഹസ്യ ഉദ്യോഗസ്ഥനെ പോലീസ് യാത്രക്കാരന്റെ വേഷത്തില്‍ അയച്ചിരുന്നു.
അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെ, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിലെ തട്ടിപ്പ് പുറത്ത് വന്നത്.