പത്തനംതിട്ട: ജില്ലയിലെ കോവിഡ് കെയര്‍ കേന്ദ്രങ്ങളുടെ ശുചീകരണം അടക്കം താളംതെറ്റുന്നു. ശുചീകരണ ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പല കേന്ദ്രങ്ങളിലും പോസിറ്റീവ് കേസുകളുണ്ടായതോടെ സാധാരണ ശുചീകരണ തൊഴിലാളികള്‍ ഇതില്‍ നിന്നു പിന്മാറി.
മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗമില്ലാത്തതും വിലങ്ങുതടിയാണ്. പഞ്ചായത്തുകളില്‍ താത്കാലികമായി നിയമിച്ചവരാണ് ശുചീകരണ തൊഴിലാളികള്‍. ഇവര്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളോ മാലിന്യസംസ്കരണ സംവിധാനങ്ങളോ നല്‍കിയിട്ടില്ല.
മാലിന്യങ്ങള്‍ പ്രദേശത്തുതന്നെ സംസ്കരിക്കാന്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. പഞ്ചായത്തുകളുടെ തനതുഫണ്ട് വിനിയോഗിച്ചാണ് കോവിഡ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടത്തേണ്ടത്.
താമസക്കാരുടെ ഭക്ഷണം ഉള്‍പ്പെടെ വന്‍തുക ചെലവാകുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം പല തദ്ദേശസ്ഥാപനങ്ങളും ചുമതലകളില്‍ നിന്നും സ്വയം പിന്മാറിവരികയാണ്.